ന്യൂഡല്‍ഹി: പാകിസ്ഥാന് ആയുധം താഴെ വയ്ക്കാതെ കശ്മീര്‍ വിഷയത്തില്‍ അവരുമായി ചര്‍ച്ചയ്ക്കില്ലെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഇമ്രാന് ഖാന് പാക് പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അവയൊന്നും പാലിച്ചില്ല. കശ്മീരില്‍ ഭീകര സംഘടനകള്‍ വ്യാപകമായി ഇന്ത്യയ്ക്കെതിരായി പ്രചാരണങ്ങള്‍ നടത്തുകയാണ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തിയിലെ സേന നടപടികള്‍ക്ക് ശക്തി കൂട്ടാന്‍ ലക്ഷ്യമിട്ടുള്ള യുദ്ധസജ്ജമായ യൂണിറ്റ് ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. കാലാള്‍പ്പടയ്ക്ക് പകരം വിവിധ സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ളതാണ് യൂണിറ്റ്. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചുള്ള സേനാ കമാന്‍ഡ് അംഗങ്ങള്‍ക്ക് ഈ മാസം തന്നെ സ്നൈപ്പര്‍ തോക്കുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.