പ്രായമായവരാണ് യുവതലമുറയെക്കാള്‍ ഫെയ്സ്ബുക്കിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് പഠനം. ഫെയ്സ്ബുക്ക് വ്യാജവാര്‍ത്തകളെ സംബന്ധിച്ച് സയന്‍സ് അഡ്വാന്‍സ്ഡ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 1750 അമേരിക്കന്‍ ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ് ഇതിനായി പഠന വിധേയമാക്കിയത്.
യുവാക്കളെ അപേക്ഷിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത പ്രായമായവര്‍ക്കിടയില്‍ നാലിരട്ടിയാണ്. വ്യാജവാര്‍ത്ത ഡൊമൈനുകളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ 18നും 29നും ഇടയില്‍ പ്രായമുള്ളവരെക്കാള്‍ കൂടുതല്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്.
അതേസമയം വ്യാജവാര്‍ത്തയുടെ ലിങ്കുകള്‍ പങ്ക് വയ്ക്കുന്നത് പ്രായമായവര്‍ക്കിടയില്‍ കുറവാണ്. പ്രായമായവരില്‍ 8.5 ശതമാനം പേര് മാത്രമാണ് ഇത്തരത്തില്‍ ഒരു ലിങ്ക് എങ്കിലും പങ്ക് വച്ചത്. 21 വ്യാജവാര്‍ത്ത ഡൊമൈനുകളും ഗവേഷകര്‍ പട്ടികപ്പെടുത്തിയിരുന്നു. ഇതില്‍ കൂടുതല്‍ ആളുകളും പങ്ക് വച്ചത് ട്രംപ് അനുകൂല വാര്‍ത്തകളാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്ക് വൈകി വന്ന 65 വയസിന് മുകളിലുള്ളവരാണ് കൂടുതല്‍ വ്യാജവാര്‍ത്ത ലിങ്കുകള്‍ പങ്ക് വയ്ക്കുന്നത്. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത കണ്ടെത്താനും, ആവശ്യമായ ഡിജിറ്റല്‍ മാധ്യമ സാക്ഷരത ആര്ജ്ജിച്ചിട്ടില്ലാത്തതുമാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമാകുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.