കൊച്ചി: ശിക്ഷ കാലാവധി പൂര്‍ത്തിയാകും മുന്‍പ് 2011ല്‍ 209 തടവുകാരുടെ ശിക്ഷാകാലാവധിയില്‍ ഇളവ് അനുവദിച്ച വിഎസ് സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പുറത്ത് വിട്ടവരുടെ ലിസ്റ്റ് ഗവര്‍ണര്‍ ആറ് മാസത്തിനകം പുന:പരിശോധിക്കണമെന്നും ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവിട്ടു. 10 വര്‍ഷം ശിക്ഷ അനുഭവിച്ചവരെയാണ് സര്‍ക്കാര്‍ വിട്ടയച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയവര്‍ ബാക്കി ശിക്ഷാ കാലയളവ് കൂടി ജയിലില്‍ കഴിയേണ്ടി വരും.
അടുത്തിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയതിന് പിന്നാലെയാണ് വിഷയം ഹൈക്കോടതിയില്‍ എത്തിയത്. സര്‍ക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരിയില്‍ അന്നത്തെ ഇടത് സര്‍ക്കാര്‍ ഇത്തരത്തില്‍ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വ.ജനറല്‍.സി.പി.സുധാകര പ്രസാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 45 പേര്, ചീമേനി തുറന്ന ജയിലില്‍ നിന്ന് 24പേര്, നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് 111 പേര്, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 28 പേര്, വനിത ജയിലില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് സര്‍ക്കാര്‍ തീരുമാന പ്രകാരം ഇളവ് ലഭിച്ച് പുറത്ത് പോയത്. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പ്രതിയും വിട്ടയക്കപ്പെട്ടവരിലുണ്ടായിരുന്നു.