കൊച്ചി: സത്യത്തെ നെഞ്ചുറപ്പോടെ വിളിച്ചുപറഞ്ഞ ജനം ടി വിയുടെ വളര്‍ച്ച ഐതിഹാസികമാണെന്ന് ഡോ.സി.വി ആനന്ദ ബോസ് ഐഎഎസ്. ഹിന്ദു എക്കണോമിക് ഫോറവും ജനം ടിവിയും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച ജനം സൗഹൃദ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം നിന്നതോടെ ഉണര്‍ന്നിരിക്കുന്ന സമയമത്രയും ജനം, ജനം ടിവിയ്ക്ക് മുന്നിലാണ്. സത്യത്തെ കണ്ടെത്താനും, അസത്യത്തെ തുറന്നുകാട്ടാനും കഴിയുന്ന മാദ്ധ്യമത്തിന്റെ പ്രതീകമായി മാറിയതോടെ ജനം ടി വി പട്ടം പോലെ മുകളിലേക്കും, മറ്റ് പല ചാനലുകളും പടവലങ്ങ പോലെ താഴേക്കും പോയെന്ന് സി വി ആനന്ദ ബോസ് പറഞ്ഞു. അമേരിക്കയില്‍ സിഎന്‍എന്നിന്റെ വളര്‍ച്ചയ്ക്ക് സമാനമാണ് ജനം ടി വിയുടെ റേറ്റിങ് ഉയര്‍ച്ച. പലരും അസത്യത്തിന്റെ ആടയാഭരണം അണിഞ്ഞപ്പോള്‍ സത്യത്തിന്റെ നഗ്നതയിലാണ് പ്രൗഢിയെന്ന് ജനം ടി വി തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മരട് ബി ടി എച്ച് സരോവരത്തില്‍ നടന്ന സംഗമത്തില്‍ ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന ഓര്‍ഗനൈസിങ് കമ്മറ്റിയംഗം രാധാകൃഷ്ണന് മേലേത്ത് അദ്ധ്യക്ഷത വഹിച്ചു. ജനം ടി വി ചീഫ് കോര്‍ഡിനേറ്റര്‍ രഞ്ജിത് ആറമ്പില്‍ ചാനലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സനാതന ധര്‍മ്മത്തിന്റെ ഭാഗമാകാന്‍ ജനം ടി വി എന്നും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സി വി ആനന്ദബോസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് പത്മഭൂഷണ്‍, ജനം ടി വി റീജണല്‍ മാനേജര്‍ കെ ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.