ചെന്നൈ: തരമണി എംആര്‍ടിഎസ് സ്റ്റേഷനില്‍ മലയാളി യുവതിയെ റെയില്‍വേ ജീവനക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റെയില്‍വേ കൊമേഴ്സ്യല്‍ ജീവനക്കാരന് സസ്പെന്ഷന്. കേസിലെ പ്രതികളായ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുടെ കരാര്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. ലിഫ്റ്റ് സേവനം ഏറ്റെടുത്ത കരാര്‍ കമ്പനിക്ക് പിഴയും ചുമത്തും. മൂന്ന് പേര്‍ക്കുമെതിരെ റെയില്‍വേ പൊലീസ് എഫ്ഐആര്‍ ചുമത്തി. ഇവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
കഴിഞ്ഞ ആറാം തിയതി രാത്രിയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം തരമണി എംആര്‍ടിഎസ് സ്റ്റേഷനിലെത്തിയ യുവതിയെ സദാചാര ഗുണ്ടകള്‍ ചമഞ്ഞ് പ്രതികള്‍ ചോദ്യം ചെയ്യുകയായിരുന്നു. ബന്ധുക്കളെ വിവരമറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അക്രമികള്‍ ഇവരോട് പണം ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത സുഹൃത്തിനെ പൂട്ടിയിടുകയും യുവതിയെ മുകള്‍ നിലയിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചത് കേട്ട് മറ്റ് യാത്രക്കാരും സ്റ്റേഷന് ജീവനക്കാരും എത്തി യുവതിയെ രക്ഷിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.