Kerala

പ്രതികളെ ഓഫീസുകളില്‍ പ്രവേശിപ്പിക്കരുതെന്ന് മേധാവികള്‍ക്ക് പോലീസ് നിര്‍ദ്ദേശം; അറസ്റ്റ് വൈകിപ്പിക്കാനും നീക്കം

തിരുവനന്തപുരം: എസ്ബിഐ ഓഫീസ് ആക്രമത്തില്‍ എന്‍ജിഒ നേതാക്കളുടെ അറസ്റ്റ് വൈകിപ്പിച്ച് പോലീസ്. പ്രതികള്‍ തലസ്ഥാനത്തുണ്ടെന്ന് സൂചനകള്‍ ലഭിച്ചിട്ടും പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന് വലിയ വീഴ്ചയാണ് വന്നിരിക്കുന്നത്. അതേസമയം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പ്രതികളെ ഓഫീസുകളില്‍ പ്രവേശിപ്പിക്കരുതെന്ന് മേധാവികള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി. സിപിഎമ്മിന്റെ സംരക്ഷണത്തിലാണ് പ്രതികളെന്നാണ് സൂചന. അതേപോലെ യൂണിയന്‍ സംസ്ഥാന നേതാക്കളും വാണിജ്യനികുതി കമ്മീഷണറോഫീസിലെ ഇന്‍സ്പക്ടറുമായ സുരേഷ് ബാബുവിനെയും ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ഇന്‍സ്‌പെക്ടറായ സുരേഷിനെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവായുണ്ടായിട്ടും ഇവരെ പരമാവധി സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍, അനില്‍ കുമാര്‍(സിവില്‍ സപ്ലൈസ്), അജയകുമാര്‍(സെയില്‍സ് ടാക്‌സ്), ശ്രീവത്സന്‍(ട്രഷറി ഡയറക്ടറേറ്റ്), ബിജു രാജ്(ആരോഗ്യവകുപ്പ്), വിനുകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സംഭവത്തില്‍ രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും പിടികൂടിയിട്ടില്ല. ഇതിനിടെ പ്രതികള്‍ തലസ്ഥാനത്ത് വഴുതക്കാടടക്കമുള്ള പ്രദേശത്തുണ്ടെന്ന മൊബൈല്‍ ടവറിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പ്രധാന ഇടത് നേതാക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതേ ഉള്ളുവെന്നും, ഇവര്‍ ഒളിവിലാണെന്നുമെല്ലാമാണ് അറസ്റ്റ് വൈകുന്നതിന് കാരണമായി പൊലീസ് പറയുന്നത്.

എന്നാല്‍ ഇതില്‍ പ്രതിഷേധം കനത്തതോടെയാണ് പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് ഇവര്‍ ജോലിചെയ്യുന്ന ഓഫീസ് മേധാവികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം കൊടുത്തത്. പ്രതികള്‍ ഓഫീസിലെത്തിയാല്‍ ഉടന്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നല്‍കും. ആക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പ്യൂട്ടര്‍, ലാന്‍ഡ്‌ഫോണ്‍, മൊബെല്‍ ഫോണ്‍, ടേബിള്‍ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു.

ബ്രാഞ്ച് ആക്രമിച്ച 15 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അക്രമണത്തിന് നേതൃത്വം നല്‍കിയ സുരേഷ് ബാബുവിനെയും സുരേഷിനെയും പിടികൂടാന്‍ പൊലീസ് ഇതുവരെയും തയാറായിട്ടില്ല. ജീവനക്കാരെ അസഭ്യം പറഞ്ഞതിനു ശേഷമായിരുന്നു ഇവര്‍ മാനേജരുടെ ക്യാബിന്‍ തല്ലിത്തകര്‍ത്തത്. പൊതു ഇടപാടുകളില്ലെന്ന് മാനേജര്‍ വിശദീകരിച്ചെങ്കിലും അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്യുകയായിരുന്നു. എ.ആര്‍. ക്യാമ്പിലെ പൊലീസ് സമര സ്ഥലത്തുണ്ടായിരുന്നെങ്കിലും ബാങ്കിലേക്ക് എത്തിയില്ല.

എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാന നേതാവായ സുരേഷ് ബാബുവിനെ മേലുദ്യോഗസ്ഥര്‍ക്ക് പോലും പേടിയാണെന്നാണ് ഓഫീസിലെ സംസാരം. പഞ്ച് ചെയ്തതിനു ശേഷം പാര്‍ട്ടി പരിപാടിക്ക് പോകുന്ന ഇയാള്‍ സ്ഥലം മാറ്റം തീരുമാനിക്കുന്ന ആളാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പട്ടികയുണ്ടാക്കി അവരെ വ്യക്തിപരമായി കണ്ട് ഭീഷണിപ്പെടുത്തുന്നെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close