തിരുവനന്തപുരം: വിഐപി കള്‍ക്ക് സുരക്ഷയൊരുക്കാനെന്ന പേരില്‍ കേരളാ പോലീസ് 1.10 കോടി ചെലവില്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നു. ആഭ്യന്തര വകുപ്പിന്റെ അനുമതിയില്ലാതെ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ലിമിറ്റഡില്‍ നിന്നും രണ്ട് പജേറോ കാറുകള്‍ വാങ്ങാന്‍ ഡിജിപി ടെന്‍ഡര്‍ പോലും വിളിക്കാതെ 30 ശതമാനം തുക മുന്‍കൂറായി നല്കി.
എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ ടെന്‍ഡര്‍ വിളിക്കാന്‍ സാധിക്കില്ലെന്ന് ആഭ്യന്തര വകുപ്പിന് ഡിജിപി വിശദീകരണം നല്‍കിയിരുന്നു. ഇന്ത്യയില്‍ ബുള്ളറ്റ് പ്രൂഫ് നിര്‍മ്മാണ കമ്പനികള്‍ കുറവായതിനാലാണ് കുറഞ്ഞ വിലയില്‍ പജേറോ കാറുകള്‍ വാങ്ങുന്നതെന്നും ഡിജിപി പറഞ്ഞിരുന്നു. ഇത് അംഗീകരിച്ചാണ് ആഭ്യന്തര വകുപ്പ് കാറുകള്‍ വാങ്ങാന്‍ ഈ മാസം 5 ന് 1,10,04,000 രൂപ അനുവദിച്ചത്.
ഇപ്പോള്‍ മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് പോലീസിനുള്ളത്. വിഐപികളെത്തുമ്പോള്‍ കാറുകള്‍ വാടകയ്ക്കെടുക്കേണ്ട സാഹചര്യമുള്ളതിനാലാണ് കാറുകള്‍ വാങ്ങുന്നതെന്നാണ് ഡിജിപി പറയുന്നത്.