ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കത്ത്. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ത്ഥനകളുണ്ടെന്നും കത്തില്‍ പറയുന്നു. സാമ്പത്തിക സംവരണ ബില്‍ രാജ്യസഭ പാസാക്കിയതിന് പിന്നാലെയാണ് ജി.സുകുമാരന്‍ നായര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എന്‍എസ്എസ് തുടക്കത്തിലേ തന്നെ സ്വാഗതം ചെയ്തിരുന്നു.
സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. കോണ്‍ഗ്രസിനെയും കത്തില്‍ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണ ബില്ലിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി ഉണ്ടായില്ലെന്ന് കത്തില്‍ പറയുന്നു.