കോഴിക്കോട്: ഹൈന്ദവ വിരുദ്ധ വാർത്തകൾ നൽകുന്ന ഏഷ്യാനെറ്റ് ന്യൂസിനെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. മീഡിയാ വണ്ണും കൈരളിയും ആയിരം മടങ്ങ് ഭേദമാണെന്നും ഒരു മാദ്ധ്യമത്തിന് ഇങ്ങനെയും തിമിരം ബാധിക്കാമോ എന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ ചോദിക്കുന്നു.
അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ച പ്രിയനന്ദനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധങ്ങളെ സൈബർ ആക്രമണം എന്ന രീതിയിലാണ് ഏഷ്യാനെറ്റ് വാർത്ത കൊടുത്തത്. എന്നാൽ പ്രധാനമന്ത്രിയെ അടക്കം സാമൂഹിക മാദ്ധ്യമങ്ങളിൽ ചിലർ ബോധപൂർവ്വം അധിക്ഷേപിച്ചപ്പോൾ പ്രധാനമന്ത്രിക്കെതിരെ പൊങ്കാല എന്ന പേരിലായിരുന്നു വാർത്ത നൽകിയത്.
ശബരിമല ആചാരലംഘനമുണ്ടായ ദിവസം ബിജെപി ഹർത്താലിനെ പിന്തുണക്കില്ല എന്ന തരത്തിൽ വാർത്ത നൽകിയത് വിവാദമായിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങൾ ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളുടെ അടിത്തറ ഇളക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള ആരോപിച്ചിരുന്നു. മാദ്ധ്യമ രംഗത്തെ ഇടത് ഫ്രാക്ഷനാണ് ഇതിന് പിന്നിലെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.
തുടർച്ചയായി ഹിന്ദു വിരുദ്ധ വാർത്തകൾ ബോധപൂർവം നൽകുന്നുവെന്ന് ഏഷ്യാനെറ്റിനെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ നിരവധിയാളുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ നേരത്തെ തന്നെ ചർച്ചയാവുകയും ചെയ്തിരുന്നു.