Kerala

കനകദുർഗയ്ക്കും ബിന്ദുവിനും പരമവീര ചക്ര, ഹരിശങ്കറിന്  അതിവിശിഷ്ട സേവാമെഡൽ, പ്രിയനന്ദനന് എഴുത്തച്ഛൻ പുരസ്കാരം: സർക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ

കൊച്ചി: ആർപ്പോ ആർത്തവം പരിപാടിയെ രൂക്ഷമായി പരിഹസിച്ച് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം. ശബരിമലയിൽ സർക്കാരിന്റെ പിന്തുണയോടെ രാത്രിയിൽ യുവതികൾ പ്രവേശിച്ചതിനെയും ജയശങ്കർ പരിഹസിക്കുന്നുണ്ട്.

പഴയ ചുംബന സമരക്കാരും മറ്റേതാനും സാംസ്കാരിക നായകരും ചേർന്നാണ് കഴിഞ്ഞ നവംബർ 25ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ ആർപ്പോ ആർത്തവം പരിപാടി സംഘടിപ്പിച്ചത്. തുലാമാസ പൂജയ്ക്ക് ശബരിമല കയറാൻ ശ്രമിച്ചു പകുതി വഴിക്കു തിരിച്ചിറങ്ങേണ്ടി വന്ന രഹ്ന ഫാത്തിമ ആയിരുന്നു പ്രധാന താരം. മതവികാരം വ്രണപ്പെടുത്തിയ കേസിൽ തൊട്ടടുത്ത ദിവസം ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു, തുടർന്ന് ഏതാനും ദിവസം അവർ ജയിൽ വാസം അനുഭവിച്ചു.

വനിതാ മതിലിന്റെ വമ്പിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷം ഇതാ ആർപ്പോ ആർത്തവത്തിന്റെ രണ്ടാം ഭാഗം എറണാകുളത്ത് അരങ്ങേറുന്നു. സംഘാടകർ പഴയ കൂട്ടർ തന്നെ. വേദി, കുറേക്കൂടി സ്ഥലസൗകര്യമുളള മറൈൻ ഡ്രൈവിലേക്കു മാറ്റി.

സാംസ്കാരിക പ്രവർത്തകരും ചുംബന പ്രതിഭകളും മാത്രമല്ല നവകേരള ശില്പികളും അഭിനവ നവോത്ഥാന നായകരും ഇക്കുറി ആർപ്പോ ആർത്തവത്തിൽ പങ്കെടുക്കുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ; മുഖ്യപ്രഭാഷകൻ കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ചു, പക്ഷേ കൃത്യാന്തര ബാഹുല്യം നിമിത്തം പങ്കെടുക്കാൻ കഴിയില്ല എന്നറിയിച്ചു.

ശബരിമല കീഴടക്കിയ കനകദുർഗ, ബിന്ദു എന്നിവർക്ക് പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷൻ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിന് അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീർത്തനം രചിച്ച സംവിധായകൻ പ്രിയനന്ദനന് എഴുത്തച്ഛൻ പുരസ്കാരവും പ്രഖ്യാപിച്ചേക്കും. കൂട്ടത്തിൽ രഹ്ന ഫാത്തിമക്കെതിരെയുളള കേസ് കൂടി പിൻവലിക്കാൻ ദയവുണ്ടാകണമെന്നും ജയശങ്കർ പോസ്റ്റിൽ പറയുന്നു.

ആർപ്പോ ആർത്തവം എന്ന പേരിൽ കൊച്ചിയിൽ രണ്ട് ദിവസമായാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ തീവ്ര സംഘടനകൾ സംഘടിപ്പിച്ച പരിപാടിയാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് പിന്മാറുകയായിരുന്നു. മുഖ്യമന്ത്രി പിന്മാറുന്നുവെന്ന് ഇന്ന് ഉച്ചയോടെയാണ് അറിയിച്ചത്. പിന്മാറുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നതിന് മുൻപായിരുന്നു ജയശങ്കറിന്റെ എഫ്ബി പോസ്റ്റ്.

19K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close