ന്യൂഡൽഹി: ഗുരു ഗോവിന്ദ് സിംഗിന്റെ 350-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പ്രത്യേകം നാണയം പുറത്തിറക്കി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ 350 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.
മാനവികതയോടുള്ള നിസ്വാര്‍ഥ സേവനം, അര്‍പ്പണബോധം, ധീരത, ത്യാഗം തുടങ്ങിയ ഗുരു ഗോവിന്ദ് സിംഗിന്റെ മഹത്തായ മൂല്യങ്ങളെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പാത പിന്തുടരാന് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഗുരു ഗോവിന്ദ് സിംഗ് മഹാനായ യോദ്ധാവും ദാര്‍ശനികനും കവിയും ആചാര്യനുമായിരുന്നു. അടിച്ചമര്‍ത്തലിനും അനീതിക്കും എതിരെ പോരാടിയ അദ്ദേഹം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളെ ഇല്ലാതാക്കാനായിരുന്നു. സ്നേഹവും സമാധാനവും ത്യാഗവും സംബന്ധിച്ച് അദ്ദേഹം പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ ഇന്നും പ്രസക്തമാണ്.
ഗുരു ഗോവിന്ദ് സിംഗ് സമ്മാനിച്ച മൂല്യങ്ങളും പാഠങ്ങളും വരുംകാലത്തു മാനവകുലത്തിനു പ്രോല്‍സാഹനമായിത്തീരും. അദ്ദേഹത്തിന്റെ സ്മരണാര്‍ഥം നാണയം പുറത്തിറക്കിയത് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള എളിയ ശ്രമമാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.