യു.എ.ഇ ഭരണാധികാരികൾക്കൊപ്പം വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളാണ് അബുദാബിയിൽ നടക്കുന്ന സുസ്ഥിരവാരാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടികളിൽ പങ്കെടുത്തത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ലോകനേതാക്കളെ സ്വീകരിച്ചു. മൗറീഷ്യാന പ്രസിഡന്റ് മുഹമ്മദ് ഉൽദ് അബ്ദെൽ അസീസ്, കൊളംബിയ പ്രസിഡന്റ് ഇവാൻ ഡുക്ക് മാർക്സ്, അർമേനിയയുടെ പ്രസിഡന്റ് അർമേൻ സർക്കിസിയൻ, അംഗോള പ്രസിഡന്റ് ജോവോ ലോറെൻകോ, സീഷെൽസ് പ്രസിഡന്റ് ഡാനി ഫൗർ, മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബാക്കർ കെത്യ, മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വലിഹ്, റുവാണ്ട പ്രസിഡന്റ് പോൾ കഗം, നമീബിയ പ്രസിഡന്റ് ഹേജ് ജീൻഗോബ്, മോണ്ടിനിഗ്രോ പ്രസിഡന്റ് മിലോ ദുകാനോവിക്, ചൈനീസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ജാങ് ജയേച്ചി, ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമാർ ബിൻ ഹുമൈദ് അൽ നുഐമി എന്നിവർ സുസ്ഥിരവാരാചരണത്തിൽ പങ്കെടുത്തു. സുസ്ഥിര ഭാവിക്കായുള്ള പ്രവർത്തനങ്ങളെപ്പറ്റിയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കിറിച്ചും ഷെയ്ഖ് മുഹമ്മദ് വിശദമാക്കി. സുസ്ഥിരവാരാചരണത്തിന്റെ ഭാഗമായുള്ള ക്രിയാത്മകമായ യോഗങ്ങളും ആലോചനകളും മികച്ച ഭാവിയിലേക്ക് ലോകത്തെ നയിക്കാൻ സഹായിക്കുമെന്ന് ലോക നേതാക്കൾ അഭിപ്രായപ്പെട്ടു.