ചണ്ഡീഗര്‍: പഞ്ചാബിലെ വിമത ആപ്പ് എംഎല്‍എ ബല്‍ദേവ് സിംഗ് പാര്‍ട്ടി പ്രാഥമിക അംഗത്വം രാജിവച്ചു. പാര്‍ട്ടി അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും മാറി സഞ്ചരിക്കുന്നുവെന്നും, പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് അഹങ്കാരിയും, ഏകാധിപതിയെ പോലെയും പെരുമാറുന്നുവെന്നും ആരോപിച്ചാണ് രാജി. ജയ്തു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്ന അദ്ദേഹം കെജ്രിവാളിന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്.
പഞ്ചാബില്‍ അടുത്തിടെ ആം ആദ്മി പാര്‍ട്ടി സ്ഥാനം ഉപേക്ഷിക്കുന്ന മൂന്നാമത്തെ എംഎല്‍എയാണ് ബല്‍ദേവ് സിംഗ്. എച്ച്.എസ്.ഫൂല്‍ക്ക, സുഖ്പാല്‍ സിംഗ് ഖൈര എന്നിവരാണ് ഇതിന് മുന്‍പ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചവര്‍.
ഏറെ വേദനയോടെയാണ് പാര്‍ട്ടി അംഗത്വം രാജിവക്കുന്നതെന്നും, ആം ആദ്മി എന്തിന് രൂപീകരിച്ചുവോ ആ ലക്ഷ്യങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായി വ്യതിചലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാളിന്റെ ഏകാധിപത്യ ഭരണം മൂലം പാര്‍ട്ടിയില്‍ നിരവധി പേര് ഇത്തരത്തില്‍ രാജി വച്ച് പോയതായും അദ്ദേഹം ആരോപിച്ചു.