ന്യൂഡല്‍ഹി: ദേശീയപാതകളില്‍ യുദ്ധവിമാനങ്ങളുടെ അടിയന്തിര ലാന്‍ഡിങ്ങിനായുള്ള എയര്‍സ്ട്രിപ്പുകള്‍ കേന്ദ്ര ഗതാഗതമന്ത്രാലയം നിര്‍മ്മിക്കാനൊരുങ്ങുന്നു. നിലവില്‍ എയര്‍സ്ട്രിപ്പ് ഉള്ള ദേശീയ പാത ഉത്തര്‍പ്രദേശിലാണുള്ളത്. തന്ത്രപ്രധാന മേഖലയിലുള്ള ദേശീയപാതകളിലാണ് എയര്‍സ്ട്രിപ്പുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. 29 എയര്സ്ട്രിപ്പുകളാകും ഇത്തരത്തില്‍ നിര്‍മ്മിക്കുക.
അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ ജമ്മു കശ്മീര്‍, രാജസ്ഥാന്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാതയിലും എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കും. കൂടാതെ കമ്മ്യൂണിസ്റ്റ് തീവ്രവാദി സാന്നിധ്യമുള്ള ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങള്‍ ബന്ധിപ്പിക്കുന്ന ദേശീയപാതകളിലും എയര്‍സ്ട്രിപ്പുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്.