പ്രയാഗ് രാജ് : ഗംഗാപൂജയുടെ പുണ്യം ഏറ്റുവാങ്ങി ഇന്ത്യയുടെ പ്രഥമ പൗരൻ റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും.ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുത്ത അവർ ഗംഗാ,യമുന,സരസ്വതി നദികളുടെ സംഗമ സ്ഥാനത്ത് ഗംഗാപൂജയും നിർവ്വഹിച്ചു.
രാവിലെ പത്ത് മണിയോടെയെത്തിയ രാഷ്ട്രപതിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും,ഗവർണർ രാം നായിക്കും ചേർന്നാണ് സ്വീകരിച്ചത്.ലോകത്തിലെ ഏറ്റവും വലിയ തീർഥാടനോൽസവങ്ങളിലൊന്നായ കുംഭമേള മകരസംക്രാന്തി ദിനം ജനപങ്കാളിത്തം കൊണ്ടുതന്നെ ശ്രദ്ധേയമായി.കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കുംഭമേളയിൽ പങ്കെടുത്തിരുന്നു.
പ്രയാഗ്രാജ് എന്നു പേരുമാറ്റിയ അലഹബാദിൽ, ഗംഗയും യമുനയും പുരാണപ്രസിദ്ധമായ സരസ്വതിയും ഒന്നാകുന്ന പവിത്രസംഗമസ്ഥാനത്തു സ്നാനത്തിനെത്തുന്നവരിൽ സാധാരണക്കാരും സന്ന്യാസിമാരും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരും ഉണ്ടാകും.