ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വിഖ്യാത ലൈബ്രറികളിലും പുസ്തക കടകളിലും നാഷണൽ ആർക്കൈവുകളിലും സൂക്ഷിച്ച കയ്യെഴുത്ത് പ്രതികളും അവയുടെ കോപ്പികളും ആദ്യകാല പുസ്തങ്ങളുമാണ് പ്രദർശനത്തിലുള്ളത്. ഇതിന് പുറമെ ലോകം അടയാളപ്പെടുത്തിയ വ്യക്തിത്വങ്ങളുടെ അപൂർവങ്ങളായ ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും ഇതിലുൾപ്പെടും. ഇത് സ്വന്തമാക്കാനും സന്ദർശകർക്ക് അവസരമുണ്ട്.മലയാളത്തിൽ പോലും ഇന്നും വായനക്കാർ ഏറെയുള്ള ഖലീൽ ജിബ്രാന്റെ ‘പ്രവാചകൻ’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രദർശനത്തിൽ കാണാനാവും. 1923 ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ ഖലീൽ ജിബ്രാന്റെ സ്വന്തം കൈപ്പടയിലുള്ള എഴുത്ത് കാണാൻ കഴിയുമെന്നതാണ് വലിയ പ്രത്യേകത. ഈ പുസ്തകത്തിന്റെ സൃഷ്ടാവിന്റെ കയ്യക്ഷരം നേരിൽ കാണാനായി മാത്രം പുസ്തകാരാധകർ നിറയെ എത്താറുണ്ടെന്ന് പീറ്റർ ഹാരിംഗ്ടണ്ണിന്റെ മാനേജർ ബെൻ ഹോട്സൺ പറഞ്ഞു. ഖുറാന്റെ നിരവധി കാലഘട്ടങ്ങളിലെ കയ്യെഴുത്ത് പ്രതികളുണ്ട് ഇവിടെ.വർണ്ണനകൾക്കതീതമായ മറ്റൊന്ന് അർമേനിയയിൽ നിന്നും കൊണ്ടുവന്ന ബൈബിളാണ് തമുറകൾ കൈമാറി വന്ന ബൈബിൾ എഴുതപ്പെട്ടത് ആറാം നൂറ്റാണ്ടിലാണ്. സ്വർണ്ണ ലിപികളിലും സ്വർണ്ണ താളുകളിലും എഴുതിയ പുസ്തകങ്ങളും പ്രദർശനത്തിന്റെ ഭാഗമാണ്. ഫ്ലോറൻസ് നൈറ്റിംഗേൽ ഒപ്പ് വച്ച സ്വന്തം ഫോട്ടോഗ്രാഫ്, ചിത്രങ്ങളുൾപ്പെടെയുള്ള ലോകത്തിലെ ആദ്യ ശരീരഘടനാശാസ്ത്ര പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി, കടലാസുകളുടെ പ്രത്യേകതകൾ, എഴുത്താണികളിലെ വൈവിധ്യങ്ങൾ, പുരാതന കടലാസ്, പുസ്തക നിർമ്മാണ രീതികൾ, കുഞ്ഞൻ പുസ്തകങ്ങൾ, ലോക ഭൂപടങ്ങളുടെ പല പല വകഭേദങ്ങൾ എന്നിവയെല്ലാം പ്രദർശനത്തെ വേറിട്ടതാക്കുന്നു. ജനുവരി 21 വരെ നടക്കുന്ന പ്രദർശനത്തിന്റെ പ്രവേശനം സൗജന്യമാണ്.