തൊടുപുഴ: ചിന്നക്കനാല്‍ നടുപ്പാറയില്‍ എസ്റ്റേറ്റ് ഉടമയേയും തൊഴിലാളിയേയും കൊലപ്പെടുത്തിയ കേസില്‍ തോട്ടം സൂപ്പര്‍വൈസര്‍ കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബിനെ(36) പൊലീസ് അറസ്റ്റ് ചെയ്തു. തേനി വഴി പളനിക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മധുരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ചിന്നക്കനാല്‍ വര്‍ഗീസ് പ്ലാന്റേഷന്റെയും റിഥംസ് ഓഫ് മൈന്‍ഡ് റിസോര്‍ട്ടിന്റെയും ഉടമ ജേക്കബ് വര്‍ഗീസ്(രാജേഷ്-40), തൊഴിലാളി മുത്തയ്യ(55) എന്നിവരെ കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു.
പ്രതിയെ സഹായിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ചേരിയാര്‍ കറുപ്പന് കോളനി സ്വദേശി ഇസ്രബേല്‍, ഭാര്യ കപില എന്നിവര്‍ റിമാന്‍ഡിലാണ്. ജേക്കബ് വര്‍ഗീസിന്റെ മൃതദേഹം ഏലത്തോട്ടത്തിലും മുത്തയ്യയുടെ മൃതദേഹം ഏലം സ്റ്റോറിലുമാണ് കണ്ടെത്തിയത്. ജേക്കബിന്റെ നെഞ്ചില്‍ വെടിയേറ്റിരുന്നു. മുത്തയ്യയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.