51 യുവതികൾ ശബരിമലയിൽ കയറി,സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് സർക്കാർ ; അത് ഇപ്പോൾ പറയേണ്ട കാര്യമില്ലെന്ന് കോടതി

ന്യൂഡൽഹി : സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ഇതുവരെ 51 യുവതികൾ മല കയറിയെന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു.
സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും നൽകിയ ഹർജിയിലാണ് സർക്കാർ പട്ടിക നൽകിയത്. കൂടുതൽ പേരും ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.എന്നാൽ ഓൺലൈനിൽ ബുക്ക് ചെയ്തവരുടെ വിവരങ്ങളാണ് ശബരിമലയിൽ കയറിയെന്ന നിലയിൽ സർക്കാർ കോടതിയിൽ സമർപ്പിച്ചത്.മാത്രമല്ല കേരളത്തിൽ നിന്നുള്ള ആരുടെയും വിവരങ്ങൾ ഈ പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടില്ല.പൊലീസ് വേഷത്തിൽ ശബരിമലയിൽ എത്തിക്കാൻ ശ്രമിച്ച രഹ്ന ഫാത്തിമ,ശബരിമലയിൽ കയറി ആചാരലംഘനം നടത്തിയ കനകദുർഗ,ബിന്ദു എന്നിവരുടെ ആരുടെയും പേരുകൾ സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.ശബരിമലയിൽ ദർശനം നടത്താതെ മടങ്ങിയ ശ്രീലങ്കൻ സ്വദേശിനി ശശികലയുടെ പേരും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.താൻ കയറിയിട്ടില്ലെന്ന് ശശികല തന്നെ പറഞ്ഞിരുന്നു.
അതുകൊണ്ട് തന്നെ സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കാനായി കെട്ടിച്ചമച്ച പട്ടികയാണ് നൽകിയതെന്ന് ഉറപ്പാണ്.
അതേ സമയം ഈ വിവരങ്ങൾ നൽകവെ കോടതി ഇത്തരം കാര്യങ്ങൾ ഇപ്പോൾ പറയേണ്ട കാര്യമില്ലെന്ന് സർക്കാരിനു നിർദേശം നൽകി.മാത്രമല്ല ശുദ്ധിക്രിയ നിർത്തലാക്കണം എന്നുള്ള വാദങ്ങൾ ഇന്ന് പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു.ഹൈക്കോടതി നിരീക്ഷക സമിതിയ്ക്കെതിരെയുള്ള വാദങ്ങളും കോടതി അംഗീകരിച്ചില്ല.അനവസരത്തിലുള്ള ഇത്തരം വാദങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു.
കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഇത്തരത്തിൽ വ്യാജ കണക്കുകൾ നൽകുന്നതിലൂടെ സർക്കാർ നടത്തുന്നത്.യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന വേളയിൽ യുവതികൾ പ്രതിഷേധമൊന്നുമില്ലാതെ തന്നെ ശബരിമലയിൽ കയറിയെന്നും,തുടർന്നും ഇത് സാധ്യമാകുമെന്നും കോടതിയെ വ്യാജ പ്രചരണങ്ങളിലൂടെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തിലൊരു നീക്കം.
എന്നാൽ ശബരിമലയിൽ 51 യുവതികൾ കയറിയെന്ന വാദം സ്ഥിരീകരിക്കാൻ ഇന്റലിജൻസ് തയ്യാറായിട്ടില്ല.