കോഴിക്കോട്: വനിതകള്‍ നേതൃത്വം നല്കുന്ന ചെറുകിട പലഹാര നിര്‍മ്മാണ കേന്ദ്രത്തിനെതിരെ കോഴിക്കോട് കോര്പറേഷന് ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തില്‍ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതി. കോവൂരിലെ നിട്ടൂര്‍ നമ്പീശന്‍സ് സ്വീറ്റ്സ് എന്ന സ്ഥാപനത്തെ വ്യാജ കേസ്സുകള്‍ ഉണ്ടാക്കി പൂട്ടിക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം. കോവൂര്‍ സ്വദേശിനി മഞ്ജുഷ വീടിനോട് ചേര്‍ന്ന് നടത്തുന്ന പലഹാര കേന്ദ്രത്തിനെതിരെയായിരുന്നു കോര്‍പ്പറേഷന്റെ നടപടി. വ്യാജ പ്രചരണം നടത്തുന്ന അയല്‍വാസികള്‍ക്ക് കോഴിക്കോട് കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് കൂട്ട് നില്‍ക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.
കലത്തപ്പം, കിണ്ണത്തപ്പം, ഉണ്ണിയപ്പം തുടങ്ങിയ പലഹാരങ്ങള്‍ ഉണ്ടാക്കി മലബാറിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണിത്. ഉണ്ണിയപ്പത്തിന്റെ മണം അസഹനീയമാണെന്നും, മാലിന്യം തള്ളുന്നുവെന്നുമുള്ള അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് ഉണ്ണിയപ്പമുണ്ടാക്കുന്നത് ഇവര്‍ നിര്‍ത്തിവെച്ചു. മുമ്പ് 14ഓളം സ്ത്രീകള്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 3 സ്ത്രീകള്‍ മാത്രമാണ് ജോലിക്കെത്തുന്നത്. കോര്പറേഷന് ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച മഞ്ജുഷയ്ക്ക് അനുകൂലമായ വിധിയാണുണ്ടായത്. സ്ത്രീ സമത്വം പറയുന്നവര്‍ ഭരിക്കുന്ന കോര്‍പറേഷനാണ് ഒരു സ്ത്രീയെ ഇത്തരത്തില്‍ ദ്രോഹിക്കുന്നതെന്ന് മഞ്ജുഷ ആരോപിച്ചു.
കോര്‍പറേഷന്റെ നേതൃത്വത്തില്‍ നിരവധി തവണ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പരിശോധനകളാണ് ഇവിടെ നടന്നത്. എന്നാല്‍ ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ജനപ്രതിനിധിയെന്ന നിലയില്‍ ഇടപെടുകയാണ് ഉണ്ടായതെന്ന് മീരാ ദര്‍ശക് പ്രതികരിച്ചു.