ദുബായ് എഫ് ഓ ഐ ഇവെന്റ്സ് ഒരുക്കിയ പൊങ്കൽ ഉത്സവം തമിഴ് മക്കളുടെ ആഘോഷ വേദിയായി മാറി. എത്തിസലാത് അക്കാദമി ഗ്രൗണ്ടിൽ നടന്ന ആഘോഷങ്ങളിൽ യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി പതിനായിരക്കണക്കിന് പേർ പങ്കെടുത്തു.
വെള്ളിയാഴ്ച ഉച്ച മുതൽ ദുബായിലെ എത്തിസലാത് അക്കാദമി ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ പ്രവാസി തമിഴ് മക്കൾ സ്വന്തം ഗ്രാമത്തിലെന്ന പോലെ ആടിയും, പാടിയും പൊങ്കൽ ആഘോഷിച്ചു. പരമ്പരാഗത ആചാരങ്ങൾക്കെല്ലാമുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ദുബായ് ആസ്ഥാനമായ എഫ് ഓ ഐ ഇവന്റസ് പൊങ്കൽ ഉത്സവം സംഘടിപ്പിച്ചത്. വിവിധ എമിറേറ്റുകളിൽ നിന്നായി പതിനായിരക്കണക്കിന് പേരാണ് ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്. വിവിധ വർണങ്ങളിൽ തീർത്ത കോലങ്ങൾ സന്ദർശകരുടെ മനം കവർന്നു.
പാരമ്പര്യ രീതിയിൽ സ്ത്രീകൾ ചേർന്ന് പൊങ്കൽ നിവേദ്യവും തയ്യാറാക്കി. തമിഴ്നാടിന്റെ സ്വന്തം നാടൻ കളികളും, പാട്ടും, മേളവും, പൊങ്കലോ പൊങ്കൽ ആർപ്പു വിളികളുമായി വൈകിട്ട് മൂന്നു മണിക്കാരംഭിച്ച ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ ഹെഡ് ഓഫ് ചാൻസറിയും കോണ്‍സുലും ആയ നീരജ് അഗർവാൾ നിർവ്വഹിച്ചു. എഫ് ഓ ഐ ഇവന്റസ്, സി എസ് ആർ ആക്ടിവിറ്റിസ് കോ ഓർഡിനേറ്റർ വെങ്കടേഷ്, അൽ ഹഥ്ബൂർ ഗ്രൂപ്പ് സി ഓ ഓ ജയ് ഗണേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.