ന്യൂഡല്‍ഹി: പ്രാറ്റ് ആന്‍ഡ് വിറ്റ്നി(പി ആന്‍ഡ് ഡബ്ല്യു) എന്‍ജിനുകള്‍ ഉപയോഗിക്കുന്ന എയര്‍ബസ് എ 320 നിയോ വിമാനങ്ങള്‍ വിദേശത്തേക്കും പോര്‍ട് ബ്ലെയറിലേക്കും പറക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍ വന്നത് മൂലം നിരവധി തവണ തിരിച്ചിറക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് തീരുമാനം. 2018ല്‍ മാത്രം ഇന്‍ഡിഗോ പറത്തുന്ന ഇത്തരം വിമാനങ്ങള്‍ക്ക് 69 തവണയാണ് തകരാര്‍ സംഭവിച്ച് തിരിച്ചിറക്കിയത്.
ഒരു മണിക്കൂര്‍ പറക്കുന്നതിനിടെ വിമാനത്താവളങ്ങളില്ലാത്ത സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിരോധിച്ചിരിക്കുന്നതെങ്കിലും, ഗള്‍ഫ് ഉള്‍പ്പെടെ വിദേശത്തേക്കുള്ള മിക്ക സര്‍വീസുകളെയും ഇത് ബാധിക്കും. ഇത്തരം നൂറിലേറെ വിമാനങ്ങളാണ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്.
ഇന്‍ഡിഗോയും, ഗോ എയറുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനം ഈ മാസം 3ന് പറന്നുയര്‍ന്ന ഉടനെ തിരിച്ചിറക്കേണ്ടി വന്നിരുന്നു. ഇതിന് മുന്‍പും സമാന സാഹചര്യങ്ങളില്‍ നിരവധി തവണ വിമാനം തിരിച്ചിറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വ്യോമഗതാഗത ഡയറക്ടറേറ്റ് ജനറല്‍ 8ന് പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.