മോണ്ട്രിയല്: യുഎസില്‍ നിന്നും ഹോങ്കോങ്ങിലേയ്ക്കുള്ള യാത്രയ്ക്കിടെ കാനഡയില്‍ അടിയന്തിരമായി ഇറക്കിയ വിമാനത്തില്‍ അതിശൈത്യത്തില്‍ 16 മണിക്കൂര്‍ യാത്രികര്‍ കുടുങ്ങി. മെഡിക്കല്‍ എമര്ജന്സിയെത്തുടര്ന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. മൈനസ് 30 ഡിഗ്രിയില്‍ വിമാനത്തിന്റെ തുറന്ന വാതില്‍ അടയ്ക്കാനാകാത്തതാണ് യാത്രക്കാര്‍ക്ക് കുടുക്കായത്. ഗൂസ് ബേ വിമാനത്താവളത്തിലാണ് സംഭവം.കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലില്ലാത്തതിനാലാണ് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാതായത്.
A little over 14hours later, our rescue plane had landed. Let’s see what the next steps will be.
— SONJAY (@sonjaydutterson) January 20, 2019
ന്യൂജഴ്സിയില്‍ നിന്നും ഹോങ്കോങ്ങിലേയ്ക്ക് 250 യാത്രക്കാരുമായി പോകവേ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. യുണൈറ്റഡ് എയര്‍ലൈന്‍സിന്റേതായിരുന്നു വിമാനം. യാത്രക്കാരനെ ആശുപത്രിയിലേയ്ക്ക് മാറ്റാനായി തുറന്ന വാതില്‍ തണുപ്പില്‍ ഉറഞ്ഞതോടെ യാത്രക്കാര്‍ തണുത്ത് വിറയ്ക്കുകയായിരുന്നു.
ഒടുവില്‍ മറ്റൊരു വിമാനം എത്തിച്ച് യാത്രക്കാരെ അതിലേയ്ക്ക് മാറ്റി.
കാനഡയില്‍ അതിശൈത്യം തുടരുന്നതിനാല്‍ വിമാന സര്‍വ്വീസുകള്‍ പലതും റദ്ദ് ചെയ്തിരിക്കുകയാണ്.