ആത്മീയ ആചാര്യനും മത പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു പരമാചാര്യന് ശിവകുമാര സ്വാമിജി.
കര്‍ണാടകയിലെ ശ്രീ സിദ്ധഗംഗ മാതാ ലിംഗായത്തിലെ പരമോന്നത ആചാര്യനായിരുന്നു അദ്ദേഹം. ബസവേശ്വരന്റെ പുനര്‍ജന്മമായാണ് സ്വാമിജിയെ വിശ്വാസികള്‍ കണക്കാക്കുന്നത്.
1907 ഏപ്രില്‍ ഒന്നിന് മഗഡി താലൂക്കിലെ വീരപുരയിലായിരുന്നു സ്വാമികളുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം ഇംഗ്ലീഷ്, കന്നഡ, സംസ്കൃതം എന്നീ ഭാഷകളിലും സ്വാമികള്‍ പ്രാവീണ്യം നേടിയിരുന്നു.
സംസ്കൃതത്തിന്റെ പരമ്പരാഗത പഠനങ്ങളിലും, ആധുനിക സാങ്കേതിക ശാസ്ത്രത്തിലും പരിശീലനം നല്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. എല്ലാ സമുദായങ്ങളുടെയും സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു അദ്ദേഹം.
നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ശ്രീ സിദ്ധഗംഗ എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ സ്ഥാപകനുമാണ് അദ്ദേഹം.
പതിനഞ്ചാം നൂറ്റാണ്ടില്‍ ശ്രീ സിദ്ധഗംഗ മഠം സ്ഥാപിക്കപ്പെട്ടത്. ചരിത്ര പ്രകാരം ശ്രീ ശ്രീ ഗോസല സിദ്ധേശ്വര സ്വാമിജിയാണ് മഠം സ്ഥാപിച്ചത്. സാമൂഹ്യപരിഷ്കര്‍ത്താവ് ബസവേശ്വരയുടെ കാലത്ത് പ്രശസ്തമായതായിരുന്നു ഈ ആത്മീയ അക്കാദമി.
സ്വാമിജിയുടെ ഗുരുകുലത്തില്‍ 5 മുതല്‍ 16 വയസ് വരെ പ്രായമുള്ള ആയിരക്കണക്കിന് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. സൗജന്യ ഭക്ഷണവും വിദ്യാഭ്യാസവും എല്ലാ മതങ്ങളില്‍ നിന്നും ജാതികളില്‍ നിന്നുള്ള കുട്ടികള്‍ക്കായി നല്കി വരുന്നു.
2015 ല്‍ രാജ്യം സ്വാമിയെ പദ്മഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. 2007 ല്‍ കര്‍ണാടക സര്‍വകലാശാലയുടെ കര്‍ണാടക രത്ന അവാര്‍ഡും നല്‍കിയിരുന്നു.
മാനുഷിക പരിഗണനയ്ക്കും സാമൂഹിക സേവനത്തിനും ഒരു നൂറ്റാണ്ടിലേറെ ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന്റെ ജീവിതം കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വത്തിനാണ് തിരശീല വീഴുന്നത്.