ജയറാം രമേശിനും കാരവന് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ അജിത് ഡോവലിന്റെ മകന് മാനനഷ്ടത്തിന് കേസ് നല്കി

ന്യൂഡല്‍ഹി: അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകിച്ചതിന് കാരവനിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെതിരെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന് വിവേക് ഡോവല്‍ മാനനഷ്ടക്കേസ നല്കി.
കാരവന് എന്ന മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫിനും ലേഖനം എഴുതിയ മാദ്ധ്യമ്രവര്ത്തകനുമെതിരെയാണ് വിവേക് ഡോവല്‍ കേസ് നല്‍കിയിരിക്കുന്നത്. വിവേക് ഡോവലിന്റെ ഹര്‍ജി ചൊവ്വാഴ്ച പാട്യാല കോടതി പരിഗണിക്കും.
വിവേക് ഡോവല്‍ ഡയറക്ടറായ കേമന്‍ ദ്വീപിലെ ജിഎന്‍വൈ ഏഷ്യ എന്ന കമ്പനി നോട്ട് അസാധുവാക്കലിന് ശേഷം വന്‍ തോതില്‍ വിദേശനിക്ഷേപം സ്വീകരിച്ചുവെന്ന് മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച ലേഖനങ്ങളും പത്രക്കുറിപ്പുകളും മാസിക നല്‍കിയിരുന്നു.
അടിസ്ഥാന രഹിതമായ ആരോപണങ്ങളിലൂടെ താന്‍ ഇത്രയും വര്‍ഷം സമ്പാദിച്ച പേരിനാണ് കോട്ടം തട്ടിയിരിക്കുന്നതെന്ന് വിവേക് ഡോവല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. തനിക്കും കുടുംബത്തിനുമെതിരെയുള്ള സംഘടിത ആക്രമണമാണ് ഇത്തരം വ്യാജ ആരോപണത്തിന് പിന്നിലെന്നും വിവേക് പറഞ്ഞു.
തന്റെ പേരിലുള്ള കമ്പനിയുടെ നികുതി രേഖകളും നിക്ഷേപകരുടെയും വിവരങ്ങളും മറ്റ് സാമ്പത്തിക രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കും പിതാവിനും എതിരെയുള്ള ഗൂഢാലേചനയുടെ ഫലമാണ് ഇതെന്നും വിവേക് ആരോപിച്ചു. കോടതിയില്‍ നിന്നും തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.