ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന റിസോര്‍ട്ടില്‍ വിജയനഗര്‍ എംഎല്‍എ ആനന്ദ് സിംഗ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാംപ്ലി എംഎല്‍എ ജെ.എന്‍.ഗണേഷിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷന് സംഭവം അന്വേഷിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി എടുക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ജെ എന്‍ ഗണേഷ് എംഎല്‍എയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആനന്ദ് സിംഗ് എംഎല്‍എയുടെ ഭാര്യ ലക്ഷ്മി സിംഗ് വ്യക്തമാക്കിയതിന് പിന്നാലെയാണ് നേതൃത്വം ഇയാളെ സസ്പെന്‍ഡ് ചെയ്തത്. ഗണേഷ് തന്റെ ഭര്‍ത്താവിനെ ആക്രമിച്ച വാര്‍ത്ത ശരിയാണെന്നും,താനും തന്റെ മക്കളും നിശബ്ദത പാലിക്കുമെന്ന് കരുതേണ്ടെന്നുമാണ് ലക്ഷ്മി സിംഗ് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ തമ്മില്‍ അടിപിടി ഉണ്ടായത്. മാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തിവിട്ടെങ്കിലും കോണ്‍ഗ്രസ് ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ് പരിക്കേറ്റ എംഎല്‍എയുടെ ഭാര്യ തന്നെ രംഗത്ത് വന്നതോടെയാണ് ഗണേശിനെതിരെ നടപടി സ്വീകരിക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിതരായത്.