ലണ്ടന്‍: ബ്രെക്സിറ്റില്‍ ബദല്‍ പദ്ധതികളുമായി തെരേസ മേ പാര്‍ലമെന്റില്‍. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നത് വിടുന്നതുമായി ബന്ധപ്പെട്ട് തയാറാക്കിയ കരാറിലെ തര്‍ക്ക വിഷയങ്ങളില്‍ ഒത്തുതീര്‍പ്പ് ശ്രമവുമായിട്ടാണ് തെരേസ മേ ഇന്നലെ പാര്‍ലമെന്റില്‍ ബദല്‍പദ്ധതി അവതരിപ്പിച്ചത്. അടുത്തയാഴ്ച ബദല്പദ്ധതിയിന്മേല് വിശദ ചര്‍ച്ച നടക്കും. ഏറ്റവുമധികം വിയോജിപ്പ് നേരിടുന്ന വടക്കന്‍ അയര്‍ലന്റ്-ഐറിഷ് റിപബ്ലിക് അതിര്‍ത്തി വിഷയത്തില്‍ എംപിമാരുടെ വ്യക്തമായ നിര്‍ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. ഐറിഷ് ആഭ്യന്തര യുദ്ധത്തിന് അറുതി കുറിച്ച ഗുഡ് ഫ്രൈഡേ കരാറില്‍ യാതൊരു മാറ്റവും വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബ്രിട്ടണില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കേണ്ട 65 പൗണ്ട് ഫീസ് റദ്ദാക്കുമെന്നും തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്നുമുള്ള മേയുടെ പ്രഖ്യാപനം ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്ബിന് സ്വാഗതം ചെയ്തു.