കൊല്ലം: ശബരിമലയിൽ കയറിയ രണ്ട് നശൂലങ്ങൾക്ക് സ്വന്തം വീട്ടിൽ പോലും കയറാനാവുന്നില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശേൻ. ശബരിമലയിൽ യുവതികൾ കയറില്ലെന്നാണ് വിശ്വാസം. എന്നാൽ അതിന്റെ പേരിൽ സമരം ചെയ്യുന്നത് ശരിയല്ലെന്നും വെള്ളാപ്പളളി പറഞ്ഞു.
ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് പിണറായി വിജയന്റെ ബുദ്ധിയാണെന്ന് കരുതുന്നില്ല. മറ്റാരുടെയോ ബുദ്ധി ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല സമരത്തിന്റെ പേരിൽ കേരളത്തിൽ യുഡിഎഫിന് സർവ്വ നാശം സംഭവിക്കും. അവർ തകർന്നടിയും. യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന് പാളിച്ചകൾ സംഭവിച്ചു.
ശബരിമല വിഷയത്തിൽ സമവായ ചർച്ചക്ക് ക്ഷണിച്ചാൽ പങ്കെടുക്കും. എസ്എൻഡിപിയ്ക്ക് ഇനി ഒരു രാഷ്ട്രീയ പാർട്ടിയോടും മമതയോ വിദ്വേഷമോ ഉണ്ടാകില്ല. ബിഡിജെഎസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ബിഡിജെഎസിന്റെ തീരുമാനങ്ങളിൽ എസ്എൻഡിപി ഇടപെടില്ലെന്നും വെള്ളാപ്പളളി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും അദ്ദേഹം വീണ്ടും അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷം തമ്മില്‍ തല്ലുമ്പോള്‍ അത് മുതലെടുക്കാന്‍ മോദിക്ക് കഴിയുമെന്നും അദ്ദേഹം കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.