India

ഇ‌വിഎം ഹാക്കിംഗ് കഥ വീണ്ടും പൊളിഞ്ഞു ; കഞ്ചാവടിക്കുന്നവരല്ലാതെ മറ്റാരും വിശ്വസിക്കില്ലെന്ന് പ്രമുഖ മാദ്ധ്യമ പ്രവർത്തകർ ; ഇന്ത്യൻ ജനാധിപത്യത്തെ അപമാനിച്ച കോൺഗ്രസിനെതിരെ പ്രതിഷേധം ഉയരുന്നു

ന്യൂഡൽഹി : അമേരിക്കൻ സൈബർ എക്സ്പേർട്ടിന്റെ പേരിൽ വോട്ടിംഗ് മെഷീനെതിരെ കോൺഗ്രസ് മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞു. അവിശ്വസനീയമായ കഥയാണിതെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ മാദ്ധ്യമ പ്രവർത്തകരും രംഗത്തെത്തി. കപിൽ സിബലിനെ ലണ്ടനിൽ സമ്മേളനത്തിനയച്ച കോൺഗ്രസും തിരിച്ചടി മനസ്സിലാക്കി പിന്നീട് ആരോപണങ്ങളോട് അകലം പാലിച്ചു.

ഹൈദരാബാദുകാരനായ സെയ്ദ് ഷൂജ എന്നയാളാണ് വോട്ടിംഗ് യന്ത്രം തിരിമറി നടത്തിയെന്ന അവകാശ വാദവുമായി രംഗത്തെത്തിയത് . അമേരിക്കയിൽ ഇരുന്ന് സ്കൈപ്പിലൂടെയായിരുന്നു ഇയാൾ ലണ്ടനിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിച്ചത്. ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ ആയിരുന്നു പത്രസമ്മേളനം വിളിച്ചത്. പ്രസിഡന്റ് ആഷിസ് റായ് എന്നയാൾ കടുത്ത കോൺഗ്രസ് അനുഭാവിയുമാണ്. നേരത്തെ രാഹുൽ ഗാന്ധിയുടെ ലണ്ടൻ സന്ദർശനത്തിന്റെ ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു ആഷിസ് റായ്.

അമേരിക്കൻ ഹാക്കർ എന്നവകാശപ്പെട്ട സെയ്ദ് ഷൂജ പറഞ്ഞ പല കാര്യങ്ങളും തികച്ചും അവിശ്വസനീയമായതാണ് തിരക്കഥ പൊളിയാൻ കാരണമായത്. ഗോപിനാഥ് മുണ്ടേയുടെയും ഗൗരി ലങ്കേഷിന്റെയും മരണം ഇതുമായി ബന്ധപ്പെടുത്തിയതോടെ കടുത്ത മോദി വിരുദ്ധർ തന്നെ സംശയം പ്രകടിപ്പിച്ചു തുടങ്ങി. 2014 ൽ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തെന്ന വാദം ഭരണത്തിലിരുന്ന തങ്ങളെ തിരിഞ്ഞു കൊത്തുമെന്ന് കോൺഗ്രസും മനസ്സിലാക്കി.

കൂടുതൽ മണ്ടത്തരങ്ങൾ ഹാക്കർ പുറത്തുവിട്ടതോടെ അമളി പിണഞ്ഞ കോൺഗ്രസ് പതിയെ ചിത്രത്തിൽ നിന്ന് പിന്മാറി. കോൺഗ്രസ് നേതാവ് കപിൽ സിബൽ പത്രസമ്മേളന വേദിയിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതും കോൺഗ്രസിന് തിരിച്ചടിയായി. ഹാക്കറുടെ വാദങ്ങൾ അസംബന്ധങ്ങളാണെന്ന് പ്രമുഖ മാദ്ധ്യമ പ്രവർത്തകരും ചൂണ്ടിക്കാട്ടി. കഞ്ചാവടിക്കാത്തവരെ കളിയാക്കുന്നതാണ് വെളിപ്പെടുത്തലുകളെന്ന് പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ശേഖർ ഗുപ്ത കളിയാക്കി.

തികഞ്ഞ അസംബന്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാട് വ്യക്തമാക്കി. ഇതോടെ ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു. തോ‌ൽവി ഉറപ്പായതിന്റെ അന്ധാളിപ്പാണ് കോൺഗ്രസിനെന്ന് ബിജെപിയും തിരിച്ചടിച്ചു. നീക്കം വലിയ അബദ്ധമായെന്ന് മനസ്സിലാക്കിയ കോൺഗ്രസ്  പൂർണമായും ഹാക്കറെ കൈവിട്ടു.

വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാമെന്ന് വാദം ഉയർത്തിയവർക്ക് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികൾക്കാണ് അവസരം നൽകിയത്. ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് സമ്മതിച്ച് എല്ലാവരും പിൻവാങ്ങുകയായിരുന്നു. വോട്ടിംഗ് യന്ത്രം സുരക്ഷിതമാണെന്ന് സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും വ്യക്തമാക്കിയിരുന്നു.

11K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close