ഇടുക്കി: ദുരിത യാത്രയില്‍ നടുവൊടിഞ്ഞ് ഇടുക്കി മാങ്കുളത്തെ ജനത. ഇത്തവണയും പൂര്‍ണ്ണമായി ഗതാഗതയോഗ്യമായൊരു റോഡ് മാങ്കുളത്തേക്കുണ്ടാകുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കില്ല.മഴക്കാലം മാറി രണ്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കല്ലാര്‍ മാങ്കുളം റോഡ് പൂര്‍ണ്ണമായി റീടാര്‍ ചെയ്യാനുള്ള നടപടികള്‍ എവിടെയുമെത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മാങ്കുളം ജനത മൂന്നാറിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ചെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.നാട്ടുകാരുടെ നിരന്തരസമ്മര്ദ്ദങ്ങള്ക്കൊടുവില് ഒരുമാസം മുമ്പ് കുരിശുപാറ മുതല്‍ വിരിപ്പാറവരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ചുവെങ്കിലും ശേഷിക്കുന്ന ഭാഗത്തെ യാത്ര അതീവ ദുര്‍ഘടമായി തുടരുകയാണ്.
അതേസമയം, കഴിഞ്ഞ വര്‍ഷം റീടാറിംങ്ങ് നടത്തിയ കുരിശുപാറമുതല് കല്ലാര്‍വരെയുള്ള ഭാഗം വീണ്ടും തകര്‍ന്നു കഴിഞ്ഞു. വിരിപാറ മുതലമാകുളം വരെയുള്ള റോഡ് നിര്‍മ്മാണത്തിന് 15 ലക്ഷം അനുവദിച്ചെങ്കിലും ടെന്റര്‍ നടപടിയായിട്ടില്ല. മാങ്കുളം മുതല്‍ പെരുമന്‍കുത്ത് വരെയുള്ള ഭാഗത്തെ ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചെങ്കിലും നിര്‍മ്മാണ ജോലികള്‍ കരാറുകാരന് വൈകിപ്പിക്കുകയാണ്.പഞ്ചായത്തിലെ തന്നെ പെരുമന്‍കുത്ത് ആനക്കുളം റോഡും പെരുമന്‍കുത്ത് ആറാംമൈല്‍ റോഡും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് .റോഡുകളുടെ ശോചനീയാവസ്ഥമൂലം വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള മാങ്കുളം ആനക്കുളം മേഖലകളിലേക്കും വിരലിലെണ്ണാവുന്ന സഞ്ചാരികളാണെത്തുന്നത്.