കൊച്ചി: ബംഗലൂരുവില്‍ നഴ്സായ ആന്‍ലിയ എന്ന യുവതിയെ ആലുവ പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് ജസ്റ്റിന് കീഴടങ്ങി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ഇയാളെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ് പ്രതി കീഴടങ്ങിയത്. ഗാര്‍ഹികപീഡനം, ആത്മഹത്യാ പ്രേരണ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
ആന്‍ലിയയുടെ പിതാവ് ഹൈജിനസ് ജസ്റ്റിനെതിരെ തൃശൂര്‍ സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ അന്വേഷണം സുതാര്യമല്ലെന്നാരോപിച്ച് പരാതിക്കാരന് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
2018 ഓഗസ്റ്റ് 25 നാണ് ആലിയയെ കാണാതാകുന്നത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അവസാനം കണ്ടത്. 28 ന് മൃതദേഹം ആലുവ പുഴയില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ടതിന് പിന്നാലെ ജസ്റ്റിന് കീഴടങ്ങുകയായിരുന്നു.