ന്യൂഡല്‍ഹി: ഡല്‍ഹി റെഡ് ഫോര്‍ട്ടിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. നേതാജിയുടെ 122ാം ജന്മവാര്ഷിക ദിനത്തോടനുബന്ധിച്ചാണ് സമര്‍പ്പണം. ഇതിനോടൊപ്പം മറ്റ് രണ്ട് മ്യൂസിയങ്ങള്‍ കൂടി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ‘യാദ്-ഇ-ജാലിയാന്‍’ മ്യൂസിയവും ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടുളള മ്യൂസിയം ഓണ്‍ 1857ഉം ആണ് ഉദ്ഘാടനം ചെയ്തത്. ജാലിയന്‍ വാല ബാഗും, ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് യാദ്-ഇ-ജാലിയാന്‍ മ്യൂസിയം. നേതാജി മ്യൂസിയത്തിന് സമീപമാണ് ഈ രണ്ട് മ്യൂസിയങ്ങളും.
നേതാജിയുമായും അന്നത്തെ ഇന്ത്യന്‍ സൈന്യവുമായും ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് നേതാജി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നേതാജി ഉപയോഗിച്ചിരുന്ന മരക്കസേര, വാള്, അദ്ദേഹത്തിന് ലഭിച്ച മെഡലുകള്‍, യൂണിഫോം, ബാഡ്ജുകള്‍, സൈന്യവുമായി ബന്ധപ്പെട്ടുള്ള മറ്റ് വസ്തുക്കള്‍ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.