മുംബൈ: ഭീകരസംഘടനയായ ഐഎസുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഒമ്പത് ചെറുപ്പക്കാര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ സേനയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. മുബ്ര, താനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സല്മാന് ഖാന്, ഫഹദ് ഷാ, സമെന്‍ കുട്ടെപടി, മൊഹ്സീന് ഖാന്, മുഹമ്മദ് മസ്ഹര്‍ ഷെയ്ക്ക്, താകി ഖാന്, സര്‍ഫറാസ് അഹ്മദ്, സഹിദ് ഷെയ്ക് എന്നിവരാണ് പിടിയിലായത്. പിടിയിലായ 17കാരന്റെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഒരു 35കാരനും മറ്റുള്ളവരെല്ലാം 25ല്‍ താഴെ പ്രായമുള്ളവരുമാണ്.
റിപബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കെമിക്കല്‍ പൗഡറുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്, സിം കാര്‍ഡുകള്‍, ആസിഡ് കുപ്പികള്‍, മൂര്‍ച്ചയേറിയ കത്തികള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.