സത്യമപ്രിയം

കോടിയേരി സഖാവേ… ആമേന്‍!

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കേരളത്തിലെ ഒരു മൂന്നാംകിട രാഷ്ട്രീയ നേതാവ് മാത്രമാണ് കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മില്‍ പലരും സംസ്ഥാന സെക്രട്ടറിമാരായി വന്നിട്ടുണ്ട്. പഠിപ്പുള്ളവരും ഇല്ലാത്തവരും. ദരിദ്രരും സമ്പന്നരും ഒക്കെ. പല കാലത്തായി സിപിഎമ്മിന്റെ നേതൃനിരയിലൂടെ കടന്നുപോയി. പക്ഷേ, അവര്‍ക്കാര്‍ക്കും ഇല്ലാത്ത കുറെ അധിക യോഗ്യതകള്‍ കോടിയേരി ബാലകൃഷ്ണന് ഉണ്ട്. അതിലൊന്നാണ് ഉളുപ്പില്ലാതെ ആരെയും അധിക്ഷേപിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്. നേരത്തെ ഇത്തരം പ്രസ്താവനകള്‍ പലതും നടത്തി കുപ്രസിദ്ധനായ അദ്ദേഹം അടുത്തിടെ തിരിഞ്ഞിരിക്കുന്നത് കേരളത്തിലെ ആദ്ധ്യാത്മിക ആചാര്യന്മാര്‍ക്കെതിരെയാണ്.

ശ്രീ. മാതാ അമൃതാനന്ദമയീ ദേവിക്കും സ്വാമി ചിദാന്ദപുരിക്കും എതിരെ തിരുവനന്തപുരത്തെ അയ്യപ്പ സംഗമത്തിന് ശേഷം കോടിയേരി ഉറഞ്ഞു തുള്ളുകയാണ്. കോടിയേരിയുടെ തുള്ളലിന്റെ രഹസ്യം തലസ്ഥാനത്ത് മാത്രല്ല, കേരളത്തിലങ്ങോളമിങ്ങോളം മിക്കവര്‍ക്കും അറിയാം. ജനുവരി 20 ന് ശബരിമല നട അടച്ച ശേഷം ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അയ്യപ്പ ഭക്തസംഗമം നടന്നിരുന്നു. അയ്യപ്പ ഭക്തസംഗമം ഉദ്ഘാടനം ചെയ്യാന്‍ ശ്രീ മാതാ അമൃതാനന്ദമയീ ദേവി എത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്.

തിരുവനന്തപുരം ബ്രഹ്മസ്ഥാന വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ അമ്മ വെള്ളി, ശനി ദിവസങ്ങളില്‍ തലസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു. മാതാ അമൃതാനന്ദമയീ ദേവിയോട് മാത്രമല്ല, കേരളത്തിലെ ആദ്ധ്യാത്മിക ആചാര്യന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും പരമ പുച്ഛം പ്രകടമാക്കുകയും അനാദരവ് പ്രകടിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത ആളുമായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമനം ആശ്രമത്തില്‍ എത്തിയിരുന്നു. നേരത്തെ തലസ്ഥാനത്ത് നടന്ന ഒരു ചടങ്ങില്‍ കാഞ്ചി ശങ്കരാചാര്യര്‍ക്ക് ഒരുക്കിയ ഇരിപ്പിടം ഡി വൈ എഫ് ഐ സഖാക്കളോടൊപ്പം ചേര്‍ന്ന് എടുത്തുമാറ്റിയ ശേഷം ചാരുബഞ്ച് ഇട്ടുകൊടുത്ത മതേതരവാദിയായ പ്രതിഭാശാലിയാണ് കടകംപള്ളി. കടകംപള്ളി ഇത്തരത്തിലുള്ള ഒരു പ്രവൃത്തി മറ്റേതെങ്കിലും ഒരു ആദ്ധ്യാത്മിക ആചാര്യനോട് കാട്ടുമോ? പാളയം പള്ളിയിലെ ഇമാമിനോടോ, തലസ്ഥാനത്തെ ബിഷപ്പുമാരായ ക്ലിമ്മീസ് ബാവയോടൊ, സൂസൈപാക്യത്തോടോ അവര്‍ക്കായി ഇട്ട ഇരിപ്പിടം മാറ്റി വെല്ലുവിളിക്കാനുള്ള ധൈര്യം കടകംപള്ളിക്ക് എന്നല്ല, അദ്ദേഹത്തിന്റെ ഇരട്ടച്ചങ്കന്‍ നേതാവ് പിണറായി വിജയന് പോലും ഉണ്ടോ?

ആ കടകംപള്ളി അയ്യപ്പസംഗമത്തില്‍ പങ്കെടുക്കരുതെന്ന ആവശ്യം ഉയര്‍ത്തിയാണ് ആശ്രമത്തില്‍ എത്തിയതെന്ന് ഭക്തര്‍ പറയുന്നു. ഇതിനെ അനുകൂലിച്ചോ എതിര്‍ത്തോ ആശ്രമത്തിന്റെ അധികൃതരോ അമ്മയോ പ്രതികരിച്ചില്ല. പക്ഷേ, ഞായറാഴ്ച നടന്ന അയ്യപ്പഭക്തസംഗമത്തില്‍ അമ്മ മാത്രമല്ല, ആശ്രമത്തിലെ മുതിര്‍ന്ന സന്യാസിമാരൊക്കെയും പങ്കെടുത്തു. സംസ്ഥാന സർക്കാരിന് വളരെ ശക്തമായ ഒരു താക്കീതാണ് തിരുവനന്തപുരത്ത് നടന്ന ഭക്തസംഗമം ഉയര്‍ത്തിയത്. രണ്ടുലക്ഷം പേരെ മാത്രം പ്രതീക്ഷിച്ച സംഗമത്തില്‍ ലക്ഷങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ നാമജപഘോഷയാത്ര തുടങ്ങും മുന്‍പു തന്നെ മൈതാനം നിറഞ്ഞു കവിഞ്ഞു. ഇത് കോടിയേരിയുടെ ചങ്കിടിപ്പ് കൂട്ടി എന്നത് മാത്രമല്ല, വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ അതുണ്ടാക്കാന്‍ പോകുന്ന ഹിന്ദു ധ്രുവീകരണം ഇടതുമുന്നണിയെയാണ് ബാധിക്കാന്‍ പോകുന്നതെന്ന തിരിച്ചറിവ് കൂടിയാണ് കോടിയേരിയുടെ തുള്ളലിന് കാരണം.

കോടിയേരി ചോദിച്ച ചോദ്യം നൈഷ്ഠിക ബ്രഹ്മചാരി ആയതുകൊണ്ട് യുവതികള്‍ക്ക് അയ്യപ്പനെ കാണാന്‍ പാടില്ല. നൈഷ്ഠിക ബ്രഹ്മചാരിയായ ശ്രീ മാതാ അമൃതാനന്ദമയിയെ ഏതെല്ലാം പ്രായത്തിലുള്ള ആള്‍ക്കാര്‍ കാണാന്‍ വന്നിട്ടും അമ്മയുടെ ബ്രഹ്മചര്യത്തിന് കോട്ടം സംഭവിച്ചോ എന്നാണ് കോടിയേരിയുടെ ചോദ്യം. കോടിയേരിയുടെ ചോദ്യത്തിന് സഭ്യമായ മറുപടി പറയാന്‍ കഴിയില്ല. അമ്മയെ കാണാന്‍, ശ്രീ മാതാ അമൃതാനന്ദമയീ ദേവിയെ കാണാന്‍ എത്തുന്ന ഏത് പ്രായത്തിലുള്ളവരും അമ്മയുടെ മക്കളാണ്. മക്കള്‍ കാണാന്‍ എത്തിയാല്‍ ഒരമ്മയുടെയും വ്രതശുദ്ധിക്കും ബ്രഹ്മചര്യത്തിനും കന്യകാത്വത്തിനും ഒരപഭ്രംശവും സംഭവിക്കില്ല. അത് അമ്മയും മക്കളും തമ്മിലുള്ള ബന്ധമാണ്. കോടിയേരി കണ്ടിട്ടുള്ള, കോടിയേരിയുടെ സന്തതസഹചാരികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വന്തം അമ്മമാരെ കണ്ടാല്‍ അവരുടെ ബ്രഹ്മചര്യത്തിന് കോട്ടം സംഭവിച്ചിട്ടുണ്ടാകാം.

ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മാതാ അമൃതാനന്ദമയീ ദേവിയെ കുറിച്ച് പറയരുത്. അത്തരത്തിലുള്ള പ്രവൃത്തികള്‍ കാട്ടുന്നത് കോടിയേരിയുടെ സഖാക്കള്‍ മാത്രമാണ്. അത് അവര്‍ക്ക് മാത്രം സ്വന്തമായിട്ടുള്ളതാണ്. ആശ്രമത്തില്‍ ധാരാളം സഖാക്കള്‍ സന്യാസിമാരും ബ്രഹ്മചാരികളുമായി എത്തിയിട്ടുണ്ട്. ഇ കെ നായനാരുടെ കുടുംബക്കാര്‍ പോലും ഇങ്ങനെ എത്തിയവരില്‍ ഉള്‍പ്പെടുന്നു. അവരൊക്കെ കോടിയേരിയുടെ കുടുംബക്കാരെ പോലെയോ സഖാക്കളെ പോലെയോ അല്ല ജീവിക്കുന്നതെന്ന് കോടിയേരി അറിയണം. തൊടുന്നതെല്ലാം പൊന്നാക്കുന്ന സ്പര്‍ശമണിയെ പോലെ അമ്മയുടെ സന്നിധിയിലേക്ക് എത്തിച്ചേരുന്ന ഓരോരുത്തരെയും ഹൃദയനൈര്‍മ്മല്യമുള്ള സേവനത്തിന്റെ നറും സൗരഭ്യമാര്‍ന്ന പൂജാപുഷ്പങ്ങളാക്കി മാറ്റുകയാണ് അമ്മ ചെയ്യുന്നത്. അത് കോടിയേരിയെപ്പോലെയുള്ള മാലിന്യ ചണ്ടികള്‍ക്ക് മനസ്സിലാകുന്നതല്ല.

അഹങ്കാരത്തിന്റെയും അധികാരഗര്‍വ്വിന്റെയും ദുര്‍മദത്തില്‍ അഭിരമിക്കുന്ന മതാന്ധതയില്‍ അമ്മ പെങ്ങന്മാരെ തിരിച്ചറിയാൻ കഴിയാത്ത കോടിയേരിക്ക് പരീക്ഷിക്കാനും ചോദ്യം ചെയ്യാനും ഉള്ളതല്ല, ഭാരതത്തിന്റെ ആദ്ധ്യാത്മിക നഭോമണ്ഡലത്തിലെ രജതനക്ഷത്രമായ ശ്രീ മാതാ അമൃതാനന്ദമയീ ദേവി. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തും മുന്‍പ് കോടിയേരി ആലോചിക്കേണ്ടത് അദ്ദേഹം സ്വന്തം അമ്മയെ കാണാന്‍ പോയിട്ടുള്ള അവസരങ്ങളാണ്. കോടിയേരി പറഞ്ഞ ഭാഷയില്‍ അതിനെക്കുറിച്ച് പറയാന്‍ നമ്മുടെ സംസ്‌കാരം അനുവദിക്കുന്നില്ല.

സ്വാമി ചിദാനന്ദപുരി രാഷ്ട്രീയത്തിലിറങ്ങിയാല്‍ ശ്രീധരന്‍പിള്ള ഔട്ടാകും എന്നാണ് കോടിയേരിയുടെ അടുത്ത കണ്ടുപിടുത്തം. സ്വാമി ചിദാനന്ദപുരി മാത്രമല്ല, ഭാരതത്തിലെ ഏത് സന്യാസിവര്യനും രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ ശ്രീധരന്‍പിള്ളയല്ല ഔട്ടാകുന്നത്, കോടിയേരിയും കോടിയേരിയുടെ പാര്‍ട്ടിയും ആയിരിക്കും. സമയം കിട്ടുമ്പോള്‍ സ്വാമി പരമേശ്വരാനന്ദഭാരതിയുടെ ഹിന്ദുധര്‍മ്മ പരിചയമോ, യോഗാനന്ദപരമഹംസന്റെ ഒരു യോഗിയുടെ ആത്മകഥയോ, സ്വാമി രംഗനാഥാനന്ദയുടെ മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വത മൂല്യങ്ങള്‍ എന്ന ഗ്രന്ഥമോ ഒക്കെ വായിക്കുക. വഴിതെറ്റുന്ന കുടുംബക്കാരെ നന്നാക്കാനെങ്കിലും ഇത് ഉപകരിക്കും. ഭാരതത്തിന്റെ സന്യാസിവര്യന്മാര്‍ രാജര്‍ഷികളായി രാജാക്കന്മാരെ നേര്‍വഴിക്ക് നയിച്ചവരാണ്. കോടിയേരിയെയും പിണറായിയെയും നേര്‍വഴിക്ക് നയിക്കാനുള്ള ആര്‍ജ്ജവവും തപശ്ശക്തിയും സ്വാമി ചിദാനന്ദപുരിക്കുണ്ട് എന്ന കാര്യം കാലം തെളിയിക്കും.

ഒരു കാര്യം കൂടി പറയാതെ വയ്യ. കോടിയേരി സഖാവിന്റെ പാര്‍ട്ടി എംഎല്‍എയും ചലച്ചിത്ര നടനുമായ മുകേഷ് ഏഷ്യാനെറ്റില്‍ നടത്തുന്ന ഒരു പരിപാടിയില്‍ ശബരിമല ക്ഷേത്രത്തില്‍ പോകുന്ന അയ്യപ്പന്മാരുടെ മാല ഊരാനുള്ള സ്ഥലമായി ആലപ്പുഴയിലെ ഒരു വെളുത്തച്ചന്‍ പള്ളിയുടെ കഥ എഴുന്നള്ളിച്ചുകണ്ടു. ശബരിമല അയ്യപ്പനെ കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഗ്രന്ഥങ്ങളിലും വാമൊഴിയായോ വരമൊഴിയായോ രേഖപ്പെടുത്തിയിട്ടില്ലാത്ത ഇത്തരം കഥയുമായി രംഗത്തു വരുന്നത് ശങ്കരാചാര്യരുടെ ഭാഷയില്‍ ഉദരനിമിത്തം ആയിരിക്കുമെന്ന് കരുതാം.

ഇത്തരം കഥകള്‍ ഒരു ചാനലില്‍ അവതരിപ്പിക്കുമ്പോഴെങ്കിലും അയ്യപ്പന്റെ കാലവുമായി അതിനുള്ള താദാത്മ്യവും താരതമ്യവും നടത്താതെ ഉത്തരവാദിത്തരഹിതമായി ചരിത്രസംഭവങ്ങളെ കെട്ടിയേല്‍പ്പിക്കുന്നത് ശരിയാണോ? പ്രേക്ഷകരുടെ മഹാഭാഗ്യംകൊണ്ട് വെളുത്തച്ചന്റെ പള്ളിയില്‍ അയ്യപ്പന്‍ വരികയും കാളിദാസ കലാകേന്ദ്രത്തിന്റെ (മുകേഷിന്റെ പിതാവ് ഒ മാധവന്റെ നാടക ട്രൂപ്പ്.) നാടകം കണ്ട് അഭിനന്ദിച്ചു എന്ന് പറയാതിരുന്നതും മഹാഭാഗ്യം. ഇതെല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ ശബരിമലയ്ക്ക് എതിരായ പെന്തക്കോസ്ത് – കമ്യൂണിസ്റ്റ് ഗൂഢാലോചന വെളിവാകും.

ആമേന്‍ സഖാവേ, ആമേന്‍…

7K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close