മുംബൈ: മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 9 യുവാക്കള്‍ ഐഎസ്ഐഎസുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉമ്മത്-ഇ-മുഹമ്മദിയ എന്ന സംഘടന രൂപീകരിച്ചതായി കണ്ടെത്തി. ഭക്ഷണത്തിലും വെള്ളത്തിലും വിഷം കലര്‍ത്തി വലിയ രീതിയിലുള്ള കൂട്ടക്കൊലക്കാണ് ഇവര്‍ ലക്ഷ്യമിട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഐഎസ്ഐഎസിന്റെ ഇന്ത്യക്ക് പുറത്തുള്ള ഒരാളുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നത്. ഇവരുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ നിരവധി കെമിക്കല്‍ ബോട്ടിലുകളും, ആസിഡ് കുപ്പികളും കണ്ടെത്തിയിരുന്നു.
അതേസമയം അറസ്റ്റിലായ ഒന്‍പത് പേരില്‍ ഒരാള്‍ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായികളിലൊരാളായ റാഷിദ് മല്ബറിയുടെ മകനാണ്. യുവാക്കളില്‍ പലരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. രണ്ട് എഞ്ചിനീയര്‍മാര്‍, ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, ഒരു ഫാര്‍മസിസ്റ്റ്, ഒരു 11ാം ക്ലാസ് വിദ്യാര്‍ത്ഥി എന്നിവര്‍ സംഘത്തിലുണ്ട്. റിപബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് ചൊവ്വാഴ്ച ഇവരെ അറസ്റ്റ് ചെയ്തത്. മുംബ്ര, താനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
ആറ് പെന്‍ഡ്രൈവ്, 24 ഫോണ്‍, 6 ലാപ്ടോപ്പ്, 6 വൈഫൈ പോഡ്, 24 ഡിവിഡികളും സിഡിയും, 12 ഹാര്‍ഡ് ഡ്രൈവുകള്‍, 6 മെമ്മറി കാര്‍ഡുകള്‍ എന്നിവയും ഇവരുടെ താമസ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.