ഇന്ത്യയുടെ 70 മത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങിയിരിക്കുകയാണ് യു.എ.ഇ.നിരവധി ആഘോഷപരിപാടികളാണ് വിവിധ ദിവസങ്ങളിലായി നടക്കുന്നത്. അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും ജനുവരി 26ന് രാവിലെ ദേശീയപതാക ഉയർത്തും.തുടർന്ന് സംഘടനാ ഭാരവാഹികളും വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രമുഖരടക്കമുള്ള ഇന്ത്യൻ സമൂഹം പങ്കെടുക്കുന്ന റിപ്പബ്ലിക് ദിനാഘോഷവും നടക്കും. അബുദാബിയിലെ സാംസ്കാരിക സംഘടനകളായ ഇന്ത്യാ സോഷ്യൽ സെന്റർ, മലയാളി സമാജം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ എന്നിവയുടെ കാര്യാലയങ്ങളിലും പതാകയുയർത്തൽ ചടങ്ങ് നടക്കും. ഇന്ത്യാ സോഷ്യൽ സെന്റർ, മലയാളി സമാജം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക പരിപാടി 24 ന് വൈകിട്ട് എട്ടരക്ക് ഇന്ത്യാ സോഷ്യൽ സെന്ററിൽ നടക്കും. 25ന് വൈകിട്ട് അഞ്ചരക്ക് ദുബായ് കോൺസുലേറ്റിൽ ഭാരത് പർവ് എന്ന പേരിൽ സാംസ്കാരിക പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം നടക്കും. അബുദാബി ഇന്ത്യൻ സ്കൂളിൽ വിദ്യാർത്ഥികളുടെ റിപ്പബ്ലിക് ദിന പരേഡും സാംസ്കാരിക പരിപാടികളും അരങ്ങേറും.