ബംഗലൂരു: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ബ്ലഡി ലേഡി എന്ന് വിളിച്ച് അവഹേളിച്ച കര്‍ണാടക ടൂറിസം മന്ത്രി വിവാദത്തില്‍. കഴിഞ്ഞ ദിവസം അന്തരിച്ച സിദ്ധഗംഗ മഠത്തിന്റെ പരമാചാര്യന് ശിവകുമാര സ്വാമിജിയുടെ സംസ്കാര ചടങ്ങിനിടെയാണ് സംഭവം. ടൂറിസം മന്ത്രി സാ രാ മഹേഷാണ് വിവാദത്തിലായിരിക്കുന്നത്. എസ് പി റാങ്കിലുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയായ ദിവ്യ.വി.ഗോപിനാഥിനെയാണ് മന്ത്രി അവഹേളിച്ചത്.
ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും എസ്പി തടഞ്ഞതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട വിഐപി കളുടെ പട്ടികയില്‍ മന്ത്രിയുടെ പേരില്ലാതിരുന്നതിനാലാണ് ദിവ്യ മന്ത്രിയെ തടഞ്ഞത്.
‘മന്ത്രിയായ എന്നെ തടയാന്‍ നിങ്ങള്‍ ആരാണ്, ഞാന്‍ മന്ത്രിയാണ്’ എന്ന് പറഞ്ഞാണ് ദിവ്യയെ മന്ത്രി അവഹേളിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
അതേസമയം, മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. ആരൊക്കെയാണ് മന്ത്രി സഭാംഗങ്ങളെന്ന് ജില്ലാ പോലീസ് മേധാവി അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ തല്ലിയതിന് പിന്നാലെ വന്ന പുതിയ വിവാദം കര്‍ണാടക സര്‍ക്കാരിനെ വീണ്ടുംപ്രതിരോധത്തിലാക്കി.