സത്യമപ്രിയം

കുടുംബാധിപത്യത്തിന്റെ കുഞ്ഞുരാജകുമാരി

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

സ്വജനപക്ഷപാതത്തിലും അഴിമതിയിലും നീന്തിത്തുടിച്ച് നിലയില്ലാ കയത്തിലേക്ക് മുങ്ങിത്താഴുന്ന മുത്തശ്ശിപ്പാര്‍ട്ടിയുടെ ഊര്‍ദ്ധ്വശ്വാസം ഭാരതീയരെല്ലാം കേള്‍ക്കുകയായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിലും നരേന്ദ്രമോദി തന്നെ അധികാരത്തിലെത്തുമെന്ന് ഉറപ്പാവുകയും ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ വരണമെന്ന് ചരിത്രം തിരുത്തിക്കുറിച്ച് ഭാരതീയര്‍ ആഗ്രഹിക്കുന്നതായി എല്ലാ അഭിപ്രായ സര്‍വ്വേകളും ഒരേപോലെ വ്യക്തമാക്കുകയും ചെയ്തപ്പോഴാണ് കോണ്‍ഗ്രസ്സിന്റെ ഏറ്റവും അവസാനത്തെ അമ്പായ പ്രിയങ്കയെ പുറത്തെടുത്തത്. 47 വയസ്സുകാരിയായ പ്രിയങ്ക കഴിഞ്ഞ തവണയും കോണ്‍ഗ്രസ് പ്രചാരണത്തിന്റെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. അഞ്ചു വര്‍ഷത്തിനുശേഷം ഊര്‍ദ്ധ്വന്‍ വലിക്കുന്ന പാര്‍ട്ടിക്ക് പ്രിയങ്ക രക്ഷകയാകുമെന്ന ശുഭാപ്തി വിശ്വാസം കോണ്‍ഗ്രസ്സില്‍ അഭിമാനവും അന്തസ്സും ആണത്തവും നഷ്ടപ്പെടാത്തവരെ വീണ്ടും ചിന്താക്കുഴപ്പത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.

കുടുംബാധിപത്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഇക്കുറി രാഹുലിന്റെ പരാജയത്തോടെ രക്ഷപ്പെടുമെന്ന് കരുതിയവര്‍ക്ക് കുഞ്ഞു മദാമ്മയുടെ വരവ് ഇരുട്ടടിയായി. യു പി എയുടെ അദ്ധ്യക്ഷസ്ഥാനം മദാമ്മയായ അമ്മ സോണിയക്ക്. എ ഐ സി സി പ്രസിഡണ്ടും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും സീമന്തപുത്രന്‍ രാഹുല്‍ പപ്പു എന്ന് ദോഷൈകദൃക്കുകള്‍ വിളിക്കുന്നത് നമുക്ക് തല്ക്കാലം മറക്കാം. അപ്പോഴാണ് നേതൃനിരയിലേക്കുള്ള അടുത്ത അവതാരമായി പ്രിയങ്ക എത്തുന്നത്. ചാനലുകളില്‍ ബുധനാഴ്ച തന്നെ വാര്‍ത്തകള്‍ വന്നെങ്കിലും കോരിത്തരിച്ചു പോയത് മലയാളത്തിലെ രണ്ട് മുഖ്യദിനപത്രങ്ങള്‍ കണ്ടപ്പോഴാണ്. പെന്തക്കോസ്തുകാരെ പോലെ തലയ്ക്കു മുകളില്‍ കൈയടിച്ച് കൊട്ടിപ്പാടി ‘വന്നൂ രക്ഷകന്‍’ എന്ന് പാടുംപോലെ ‘വന്നൂ പ്രിയങ്ക’ എന്നാണ് മലയാള മനോരമ തലക്കെട്ട് കൊടുത്തത്.

കഴിഞ്ഞ നാലര വര്‍ഷക്കാലം ഞെങ്ങി ഞെരുങ്ങി സ്വാതന്ത്ര്യമില്ലാതെ ശ്വാസം മുട്ടി കഴിയുകയായിരുന്നല്ലോ മനോരമയുടെ താല്പര്യങ്ങള്‍. കുഞ്ഞുമദാമ്മ വന്നതോടെ നരേന്ദ്രമോദി പോയി പപ്പുമോന്‍ വരുമെന്നും അതോടെ പഴയ സുവര്‍ണ്ണകാലം വരുമെന്നുമാണ് മനോരമയുടെ അത്യാഹ്ലാദം കാണുമ്പോള്‍ ഏത് സാധാരണക്കാരനും തോന്നുക. മനോരമയെക്കാള്‍ കുറച്ചുകൂടി പ്രണയാതുരമായിട്ടാണ് മാതൃഭൂമി തലക്കെട്ട് നല്‍കിയത്. ‘ഇനി പ്രിയങ്കരം’ എന്ന തലക്കെട്ടിലൂടെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് സന്നിവേശിക്കുന്ന മാതൃഭൂമി നായകരുടെ പ്രണയാര്‍ദ്ര ചിന്തകള്‍ അണപൊട്ടി ഒഴുകി. യു ഡി എഫിലെ രണ്ട് ഘടകകക്ഷികളായി പ്രവര്‍ത്തിക്കുന്ന മാതൃഭൂമിയും മനോരമയും ഇങ്ങനെ തലക്കെട്ട് കൊടുത്തതില്‍ നിഷ്പക്ഷ നിരീക്ഷകര്‍ക്ക് ആര്‍ക്കും ഒരു അഭംഗിയും തോന്നിയില്ല. കാരണം രണ്ടും ഒരു നുകത്തിലെ രണ്ടു നാല്ക്കാലികളാണെന്ന കാര്യം അക്ഷരാഭ്യാസമുള്ള കേരളീയ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്.

പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസ്സിനെ രക്ഷപ്പെടുത്തില്ല എന്ന കാര്യത്തില്‍ ഇന്ത്യയിലെ സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ആര്‍ക്കും തന്നെ സംശയമില്ല. ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കും വിധം പൊതുവേദികളില്‍ വസ്ത്രധാരണം നടത്തി (അല്ലാത്തപ്പോള്‍ ജീന്‍സും ടോപ്പും സാധാരണവേഷം.) പത്രഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോസ് ചെയ്ത കുഞ്ഞുമദാമ്മയെക്കുറിച്ച് ഒരു ലേഖകന്‍ വിശേഷിപ്പിച്ചത് മുത്തശ്ശിയുടെ മൂക്കു പോലെ തന്നെ എന്നായിരുന്നു. ‘മുത്തശ്ശിയുടെ മൂക്ക് മാത്രമേ ഉള്ളൂ’ എന്ന മറുപടിയും മറ്റ് മാധ്യമപ്രവര്‍ത്തകരില്‍ നിന്നുതന്നെ ഉണ്ടായി. ഇന്ത്യാ-പാക് യുദ്ധസമയത്തെ പ്രകടനം കണക്കിലെടുത്ത് ഇന്ദിരാഗാന്ധിയെ അഭിനവ ദുര്‍ഗ്ഗയെന്ന് വിളിച്ചത് അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. ഒടുങ്ങാത്ത ഏകാധിപത്യ മനോഭാവവും അടങ്ങാത്ത അധികാരദാഹവും അന്തമില്ലാത്ത ഗര്‍വ്വും ഇന്ദിരാഗാന്ധിയെ ദുര്‍ഗ്ഗയില്‍ നിന്ന് താടകയിലേക്ക് അധപ്പതിപ്പിച്ചു.

ഒരു നിശാചരിയെപ്പോലെ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും എത്രയോ തലമുറകളുടെ സ്വതന്ത്ര ചിന്തയുടെ ആശയ ആവിഷ്‌ക്കാരവും അവര്‍ കവര്‍ന്നെടുത്തപ്പോള്‍, നാവടക്കൂ പണിയെടുക്കൂ എന്ന് ആക്രോശിച്ചപ്പോള്‍ ഭാരതം അടിയന്തിരാവസ്ഥയുടെ കരിപുരണ്ട ദിനങ്ങള്‍ ഇരുളിന്റെ ഉള്ളറയില്‍ എന്ന പോലെ ജീവിച്ച് തീര്‍ത്തു. പ്രശസ്ത പത്രപ്രവര്‍ത്തകനായ പി. രാജന്‍ ഇന്ദിരയുടെ അടിയന്തിരം എഴുതി ‘മിസ’ യിലൂടെ അറസ്റ്റ് സ്വയം വരിച്ച് കാരാഗൃഹത്തിലേക്ക് നടന്നുനീങ്ങി. തലസ്ഥാനത്ത് പ്രകടനം നടത്താനും മാതൃഭൂമിയിലെ വരേണ്യ പത്രപ്രവര്‍ത്തകനായ വി എം കൊറാത്ത് അടക്കം വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. വീണ്ടും കുടുംബാധിപത്യത്തിന്റെ മധുരസ്മരണകളുമായി കുഞ്ഞു മദാമ്മയും ധൂര്‍ത്തുപുത്രനും മണി മുഴക്കി എത്തുമ്പോള്‍ അത് തകര്‍ക്കാന്‍ ഒരുമ്പെടുന്നത് ലോകഗുരു എന്ന മഹത്തായ സങ്കല്പത്തിലേക്കുള്ള ഭാരതത്തിന്റെ ജൈത്രയാത്രയാണ്.

രാത്രി രണ്ടുമണിക്ക് ഇംഗ്ലണ്ടിലേക്ക് പോകുന്ന വിമാനത്തില്‍ പ്രണയിനിയായ, (ഉറ്റ സുഹൃത്തിന്റെ ഭാര്യ) എഡ്വിന മൗണ്ട് ബാറ്റണ് പ്രണയലേഖനം എഴുതി എയര്‍ കൊറിയറില്‍ അയച്ചിരുന്ന വൃദ്ധകാമുകനെ ചുമക്കേണ്ടി വന്നതും ഭാരതത്തിന്റെ ദുര്യോഗം. ഭാരതത്തോടും നമ്മുടെ സംസ്‌ക്കാരത്തോടും പതിനായിരക്കണക്കിന് വര്‍ഷങ്ങളായി തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഒരു പുഴപോലെ ഒഴുകിയെത്തിയിരുന്ന അനന്യമായ സാംസ്‌ക്കാരിക സപര്യയുടെ ഉള്‍ത്തുടിപ്പുകളെ ഒരിക്കലും കാണാത്ത, അറിയാത്ത, ആദരിക്കാത്ത നെഹ്‌റു നമ്മളോട് പറഞ്ഞത് ‘ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല’ എന്നതാണ്. ആരോപണങ്ങള്‍ നിരവധിയുണ്ട്. സംസ്‌ക്കാരത്തിന്റെ സീമകള്‍ തുറന്നു പറയാന്‍ അനുവദിക്കുന്നതല്ല. കുടുംബത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യം എം ഒ മത്തായി എന്ന പ്രൈവറ്റ് സെക്രട്ടറി നെഹ്‌റു യുഗസ്മരണകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പുതിയ തലമുറയുടെ തിരശ്ശീലയ്ക്കു പിന്നിലെ കളികള്‍ സഞ്ജയ് ബാരു ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ഗാന്ധി എന്ന കുടുംബപ്പേര് പോലും അടിച്ചുമാറ്റിയ നെഹ്‌റു കുടുംബത്തിന്റെ തട്ടിപ്പിനും തരികിടയ്ക്കും ഇനിയും ഭാരതം തല കുനിക്കണോ എന്നതാണ് 2019 ലെ തിരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്രിയങ്കാ ഗാന്ധിയുമായി കോണ്‍ഗ്രസ്സ് വീണ്ടും ഒരു ചെപ്പടിവിദ്യക്ക് ഒരുങ്ങുമ്പോള്‍ നമ്മള്‍ ഓര്‍മ്മിക്കേണ്ടത് ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് എതിരെയുള്ള കേസുകളുടെ എണ്ണവും അഴിമതി ആരോപണങ്ങളുമാണ്. കഷ്ടകാലത്തിനെങ്കിലും ഒരിക്കല്‍ അധികാരത്തിലെത്തിയാല്‍ ഈ നാട്ടില്‍ വില്‍ക്കപ്പെടാതെ പൗരന്മാരെങ്കിലും ഉണ്ടാകുമോ എന്ന ആശങ്കയാണ് സാധാരണക്കാരെ വേട്ടയാടുന്നത്.

കുഞ്ഞുമദാമ്മയുടെ പൊടുന്നനെയുള്ള രാഷ്ട്രീയ പ്രവേശനത്തിനു പിന്നില്‍ മറ്റൊരു കാരണം കൂടി ഇന്ദ്രപ്രസ്ഥത്തില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. മറ്റൊന്നുമല്ല, ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും കുടുംബക്കാരുമെല്ലാം എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് കൊടുത്തതിന്റെ രണ്ടാംദിവസമാണ് പ്രഖ്യാപനം വന്നത്. വാദ്ര നടത്തിയ അഴിമതിയുടെയും കൊള്ളയുടെയും കഥകള്‍ ഊര്‍ദ്ധ്വന്‍ വലിക്കുന്ന പാര്‍ട്ടിക്ക് ഒട്ടും ശുഭകരമാകില്ല. തല്ക്കാലത്തേക്ക് രക്ഷപ്പെടാനെങ്കിലും നടപടികള്‍ രാഷ്ട്രീയ ശത്രുതകൊണ്ടാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പെട്ടെന്നുള്ള രാഷ്ട്രീയപ്രവേശനം. ബി.ജെ.പി പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതുകൊണ്ടു മാത്രം തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാനും മദ്ധ്യപ്രദേശും കോണ്‍ഗ്രസ് വിജയമായി രാഷ്ട്രീയ നിരീക്ഷകര്‍ പോലും കാണുന്നില്ല. മദ്ധ്യപ്രദേശിലാകട്ടെ, വോട്ട് പോലും കൂടുതല്‍ ബി ജെ പിക്കാണ്. രാഹുലിനെ കൊണ്ട് കാര്യങ്ങള്‍ കഴിയില്ല എന്ന് ഉറപ്പായപ്പോഴാണ് പ്രിയങ്കയെ കൊണ്ടുവരുന്നത്.

അടിയന്തിരാവസ്ഥയ്‌ക്കെതിരെ ഗുവാഹത്തി എ ഐ സി സി സമ്മേളനത്തില്‍ ഇന്ദിരാഗാന്ധിക്കെതിരെ ആഞ്ഞടിച്ച, ചിക്കമാംഗ്ലൂരില്‍ ഇന്ദിരയെ പിന്തുണച്ചതിനെതിരെ നിലപാടെടുത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന ആദര്‍ശത്തിന്റെ അപ്പോസ്തലനായ ഏ കെ ആന്റണി എവിടെപ്പോയി. കെ പി സി സി യുടെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതല മകന് കൊടുത്തതോടെ ഇനിയും ആദര്‍ശത്തിന്റെ പഴയ കള്ളിമുള്‍ച്ചെടികളും കെട്ടാത്ത വാച്ചും കാന്റീനിലെ ചോറും ഒക്കെ ആരുടെ മുന്നിലും വേകാത്ത പരിപ്പായി മാറിയിരിക്കുന്നു.

ഒരു നാലണ മെമ്പര്‍ഷിപ്പു പോലും ഇല്ലാത്ത പ്രിയങ്കാ ഗാന്ധിയെ എ ഐ സി സി ജനറല്‍സെക്രട്ടറിയായി നൂലില്‍ കെട്ടി ഇറക്കുമ്പോള്‍ മൗനം വിട്ട് ഒരുവാക്ക് ഉരിയാടാന്‍ ഏ കെ ആന്റണിക്ക് കഴിയാതെ പോയപ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ ആദര്‍ശധീരതയ്ക്ക് പട്ടട ഒരുങ്ങുകയായിരുന്നു. രജസ്വലയായ പാഞ്ചാലിയെ സഭാവേദിയിലേക്ക് വലിച്ചുകൊണ്ടുവന്ന് വസ്ത്രാക്ഷേപം നടത്തുമ്പോള്‍ നിശ്ശബ്ദത പാലിച്ച രാജധര്‍മ്മം പോലെ ആന്റണിയുടെ നിശ്ശബ്ദത പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതാണെന്ന് ആര്‍ക്കും മനസ്സിലാകും. ‘ദീപസ്തംഭം മഹാശ്ചര്യം…’ അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസിലും അഴിമതി നടന്നെന്ന് നേരത്തെ പറഞ്ഞ ആന്റണി പണം പറ്റിയത് അലൂമിനിയം പട്ടേലും മദാമ്മയും ആണെന്നറിഞ്ഞപ്പോള്‍ നിശ്ശബ്ദത പാലിച്ചതും ചരിത്രം.

കുടുംബാധിപത്യത്തിന്റെ തമോഗര്‍ത്തത്തിലേക്ക് കോണ്‍ഗ്രസ് ഉള്‍വലിയുമ്പോള്‍, വൃദ്ധനേതൃത്വം നിശ്ശബ്ദത പാലിക്കുമ്പോള്‍, ഊര്‍ന്നുവീഴുന്ന എല്ലിന്‍കഷ്ണങ്ങള്‍ പെറുക്കി യുവചേതന ഏറാന്‍ മൂളികള്‍ ആകുമ്പോള്‍ ഗാന്ധിജിയും നേതാജിയും തിലകനും മദന്‍മോഹന്‍ മാളവ്യയും ജീവശ്വാസം പോലെ കൊണ്ടുനടന്ന പ്രസ്ഥാനത്തിന്റെ പ്രാണന്‍ പിടയുകയാണ്. സരിതയുടെ മാദകമേനിയില്‍ സത്യാന്വേഷണ പരീക്ഷണങ്ങള്‍ നടത്തിയവരുടെ യുവനേതൃത്വത്തിന് സ്വന്തം കാര്യത്തിനപ്പുറം എന്ത് ആദര്‍ശം, എന്ത് ഗാന്ധിജി.

നേതാക്കളൊക്കെ ശതകോടീശ്വരന്മാരാകുമ്പോള്‍ ദാഹജലത്തിന് കേഴുന്ന വേഴാമ്പലിനെപ്പോലെ നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന സാധാരണക്കാരുടെ യാതന ആരറിയുന്നു. പ്രിയങ്കാ ഗാന്ധിക്ക് സിംലയ്ക്കടുത്ത് കോടികള്‍ ചെലവിട്ട് വേനല്‍ക്കാല വസതി ഒരുങ്ങുമ്പോള്‍ ഭാരതത്തിലെ അരപ്പട്ടിണിക്കാരന്റെയും മുഴുപ്പട്ടിണിക്കാരന്റെയും സ്വപ്‌നങ്ങളെ ഞെരിച്ചമര്‍ത്തി റോബര്‍ട്ട് വാദ്ര പുതിയ സാമ്രാജ്യം പടുത്തുയര്‍ത്തുമ്പോള്‍ നഷ്ടമാകുന്നതിനപ്പുറത്തേക്ക് ഭാരത്തിന്റെ ഭാഗധേയം തന്നെ കവര്‍ന്നെടുക്കാന്‍ ഒരു കുടുംബം വലയുമായി എത്തുമ്പോള്‍ ഒടുങ്ങാത്ത പ്രാണനുവേണ്ടിയെങ്കിലും പ്രതിരോധിക്കേണ്ടേ?

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close