സത്യമപ്രിയം

ഇതാണ് നവോത്ഥാനത്തിന്റെ പെണ്‍കരുത്ത്!

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കേരളത്തിലെ ഐ പി എസ് ഓഫീസര്‍മാരില്‍ ബഹുഭൂരിപക്ഷവും കോട്ടയം എസ്.പി ഹരിശങ്കറിനെയും തൃശ്ശൂര്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയെയും പോലെ നെറികെട്ട വാലാട്ടികളാണെന്ന് തെളിയിച്ചപ്പോള്‍ കേരളാ പോലീസില്‍ നിയമത്തിനും സത്യത്തിനും വേണ്ടി ഒരു പെണ്‍തരിയെങ്കിലും ആത്മാഭിമാനത്തോടെ ഉണ്ടെന്ന് തെളിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചൈത്ര തെരേസ ജോണിന്റെ നടപടിയെ തള്ളിപ്പറയുകയും അപലപിക്കുകയും ചെയ്തു. പതിവുപോലെ കോടിയേരി അണികളെ കൈയിലെടുക്കാന്‍ ഒരുമുഴം നീട്ടിയെറിഞ്ഞു. ഉദ്യോഗസ്ഥര്‍ ഭരണകൂടത്തിനും സര്‍ക്കാരിനും വിധേയരായിരിക്കണമെന്നും അതിനപ്പുറത്തേക്ക് കടക്കരുതെന്നും തിട്ടൂരമിറക്കി.

ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്തവിധം പഴുതടച്ചാണ് ഒരു പോലീസ് ഉദ്യോഗസ്ഥ എങ്ങനെ ക്രമസമാധാന പാലനം നടത്താമെന്ന് കാട്ടിക്കൊടുത്തത്. പിഞ്ചുകുട്ടികളെ പീഡിപ്പച്ച കേസില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ അണമുഖം രാജീവ്, ശ്രീദേവ് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമമാണ് ഈ പ്രശ്‌നങ്ങളിലേക്കൊക്കെ എത്തിച്ചേര്‍ന്നത്. പോലീസ് സ്‌റ്റേഷനില്‍ പ്രതികളെ മോചിപ്പിക്കാന്‍ ശ്രമം നടത്തിയ ഡി വൈ എഫ് ഐ നേതാക്കള്‍ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന് നേരെ കല്ലേറ് നടത്തി. പോലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്തു. പോലീസുകാരില്‍ പലരും സി പി എം ആഭിമുഖ്യമുള്ള അസോസിയേഷന്‍കാര്‍ ആയതുകൊണ്ട് കിട്ടിയ തല്ല് വാങ്ങി മിണ്ടാതിരുന്നു. സംഘര്‍വും സ്‌റ്റേഷന്‍ ആക്രമണവും അറിഞ്ഞ ഡി സി പിയുടെ ചുമതല വഹിച്ചിരുന്ന ചൈത്ര സ്ഥലത്തെത്തി നടപടികള്‍ക്ക് നേൃത്വം നല്‍കുകയായിരുന്നു. സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍ മിക്കവരും മേട്ടുക്കടയിലെ സി പി എം ജില്ലാ ഓഫീസില്‍ ഉണ്ടെന്ന് വിശ്വസനീയമായ വിവരം ലഭിച്ചപ്പോഴാണ് അവിടെ റെയ്ഡ് നടത്താന്‍ അവര്‍ ഒരുമ്പെട്ടത്. സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് – സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗമാണ് ഡി സി പിക്ക് ഈ വിവരം നല്‍കിയതെന്ന് എല്ലാവര്‍ക്കും അറിയാം.

നിയമസഭ നടക്കാന്‍ ഒരുങ്ങുമ്പോള്‍ വന്‍ ക്രമസമാധാനപ്രശ്‌നമായി നിയമസഭയില്‍ ഉയര്‍ന്നുവരാന്‍ ഇടയുള്ള പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിലെ പ്രതികളെ പാര്‍ട്ടി ഓഫീസില്‍ നിന്നായാലും പിടിക്കണമെന്ന് ഒരു ഉദ്യോഗസ്ഥ തീരുമാനിച്ചാല്‍ അതിനെ തള്ളിപ്പറയുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധവുമായല്ലേ പ്രവര്‍ത്തിക്കുന്നത്? പാര്‍ട്ടി ഓഫീസിലേക്ക് റെയ്ഡിന് ഡെപ്യൂട്ടി കമ്മീഷണര്‍ വരുന്നുണ്ടെന്ന കാര്യം സി പി എം ഓഫീസിലേക്ക് വിളിച്ചു പറഞ്ഞത് ചൈത്രയുടെ ഒപ്പമുണ്ടായിരുന്ന കീഴുദ്യോഗസ്ഥരായ പോലീസുകാര്‍ തന്നെയല്ലേ. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ കൊടി പിടിച്ച് അവര്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് എന്ത് നിഷ്പക്ഷതവും വിശ്വാസ്യതയുമാണ് സമൂഹത്തിലുണ്ടാവുക? ഏറാന്‍ മൂളികളായ പോലീസ് അസോസിയേഷന്‍കാര്‍ തന്നെയാണ് റെയ്ഡ് വിവരം ചോര്‍ത്തിയതെന്ന എല്ലാവര്‍ക്കും അറിയാം. ഡെപ്യൂട്ടി കമ്മീഷണര്‍ എത്തും മുന്‍പ് പ്രതികളായ സഖാക്കളെയൊക്കെ ചില മന്ത്രിമാരുടെ വീടുകളിലേക്കും മറ്റുമാണ് കടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നത് തെറ്റായിരിക്കാം ശരിയായിരിക്കാം.

പക്ഷേ, അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാവുന്നതല്ല. സ്ത്രീ ശാക്തീകരണത്തിന് കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ മതില്‍ കെട്ടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കന്‍ എന്നല്ല, അദ്ദേഹത്തിന്റെ നട്ടെല്ലില്‍ വാഴനാര് പോലും ഇല്ലെന്ന് തെളിയിക്കുന്നതായിരുന്നു ചൈത്ര തെരേസ ജോണിനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍. എല്ലാ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ച് ഒരു വനിതാ ഉദ്യോഗസ്ഥ തിരച്ചിലിനു വന്നപ്പോള്‍ തീരുന്ന ആത്മാഭിമാനവും നവോത്ഥാനവുമേ ഉള്ളൂ സി പി എമ്മിനെന്ന് ചൈത്ര തെളിയിച്ചു. ഇതെക്കുറിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനും ഒരു കമന്റ് പറഞ്ഞു. അവരുടെ കമന്റ് നിയമത്തെ കുറിച്ചും നിയമവ്യവസ്ഥയെ കുറിച്ചും ഒക്കെ ഉദ്ധരിച്ചുകൊണ്ടായിരുന്നു. പാവപ്പെട്ട ദുര്‍ബ്ബല വിഭാഗക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും ഉള്ള ബി പി എല്‍ റേഷന്‍കാര്‍ഡ് അനധികൃതമായി നേടി പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരിയ എം സി ജോസഫൈന് നിയമത്തെ കുറിച്ചും ധാര്‍മ്മികതയെ കുറിച്ചും പറയാന്‍ എന്ത് അവകാശമാണുള്ളത്?

ചൈത്ര റെയ്ഡ് നടത്തും മുന്‍പ് പോലീസ് കമ്മീഷണറുടെ അനുമതി വാങ്ങുകയോ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തില്ല എന്നതാണ് വന്ന ഏക വിമര്‍ശനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ അക്രമിച്ച് പ്രതികളെ കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു എന്ന കാര്യം പോലീസ് വയര്‍ലസിലൂടെ ഭൂമിമലയാളം മുഴുവന്‍ അറിഞ്ഞതാണ്. മുഖ്യമന്ത്രിയുടെ പേരക്കുട്ടികളെ കളിപ്പിക്കുന്ന ഉന്നതോദ്യോഗസ്ഥന്‍ മുതല്‍ ചുമതലപ്പെട്ടവരൊക്കെ ഈ വയര്‍ലസ് സന്ദേശം കിട്ടിയിട്ടും എന്തുകൊണ്ടാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലേക്ക് ഒന്ന് തിരിഞ്ഞുപോലും നോക്കാതിരുന്നത്? പാര്‍ട്ടി ഓഫീസില്‍ തിരച്ചില്‍ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം പറ്റാനുള്ളത് സി പി എമ്മിന് തന്നെയാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള എല്ലാ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെയും പ്രതികളെ സി പി എം സംരക്ഷിക്കുന്നത് പാര്‍ട്ടി ഓഫീസുകളിലാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം.

പാര്‍ട്ടിക്കാര്‍ക്ക് അടിമപ്പമി ചെയ്യാനും ഗുണ്ടാപ്പണി ചെയ്യാനും തയ്യാറുള്ള കുറെ പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാ കാലത്തും സേനയില്‍ ഉണ്ടായിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല. ഇന്ന് സംഘടിത സ്വഭാവത്തോടെ പോലീസ് അസോസിയേഷന്‍ ഇത് ചെയ്യുന്നു. എല്ലാ കാലത്തും ഭരണകക്ഷിയുടെ ദാസ്യപ്പണി ചെയ്യുന്ന തരം താണ, നെറികെട്ട, അന്തസ്സില്ലാത്ത പ്രസ്ഥാനമായി പോലീസ് അസോസിയേഷന്‍ മാറിയത് സാധാരണക്കാര്‍ തിരിച്ചറിയുന്നു എന്ന കാര്യം ഇനിയെങ്കിലും അവര്‍ അറിയണം. അംഗങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടായേക്കാം. രാഷ്ട്രീയ അഭിപ്രായവും ഉണ്ടായേക്കാം. എതിര്‍ രാഷ്ട്രീയ കക്ഷകളോട് ആഭിമുഖ്യം ഉള്ളവരെ സസ്‌പെന്റ് ചെയ്യാനും തൊഴില്‍ നഷ്ടപ്പെടുത്താനും പുറത്താക്കാനും ഒക്കെ കരുക്കള്‍ നീക്കുന്ന പ്രസ്ഥാനമായി പോലീസ് അസോസിയേഷന്‍ മാറിയിരിക്കുന്നു. ഈ ലക്ഷ്യത്തിനും സി പി എമ്മിന്റെ ഗുണ്ടാപ്പണിക്കുമാണോ പോലീസ് അസോസിയേഷന്‍ രൂപം കൊണ്ടത്? ഏതാണ്ട് സി പി എമ്മിന്റെ ഗുണ്ടാപ്പടയായിട്ടല്ലേ ഇന്ന് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്.

ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ആക്ടിവിസ്റ്റുകളും അവിശ്വാസികളുമായ യുവതികളെയും കൊണ്ട് പോയത് അസോസിയേഷനിലെ സി പി എം ഫ്രാക്ഷനില്‍ പെട്ടവരായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഈ തരത്തിലാണെങ്കില്‍ ഈ അസോസിയേഷന്‍ പിരിച്ചു വിടുകയല്ലേ നല്ലത്. എല്ലാവരുടെയും വിശ്വാസ്യതയാര്‍ജ്ജിക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ എല്ലാ രാഷ്ട്രീയ ജാതി-മത വിശ്വാസങ്ങള്‍ക്കും സ്ഥാനമുള്ള തരത്തില്‍ അഭിപ്രായങ്ങള്‍ക്കും എതിരഭിപ്രായങ്ങള്‍ക്കും വേദിയാകുന്ന തരത്തില്‍ മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലീസ് അസോസിയേഷന്‍ പിരിച്ചു വിടുകതന്നെ വേണം.

കെട്ടും കെട്ടി ശബരിമലയ്ക്ക് വന്ന ശശികല ടീച്ചറിനെ അറസ്റ്റ് ചെയ്തതിന് അവാര്‍ഡ് കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയന് പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസിലെ പ്രതികളെ കണ്ടുപിടിക്കാന്‍ ഒരു റെയ്ഡ് നടത്തിയതിന് ഇത്രയേറെ വിഷണ്ണനും വികാരാധീനനും ആകേണ്ട കാര്യമുണ്ടോ? റെയ്ഡ് വിവരം ചോര്‍ത്തിയ ഐ പി എസ് ഉദ്യോഗസ്ഥനെ സ്ഥലം മാ്റ്റിയതും ചൈത്രയുടെ സ്ഥാനമാറ്റവും താരതമ്യം ചെയ്ത് ‘മീശ’ വടിച്ച മാതൃഭൂമി ദിനപത്രം ഒന്നാം പേജില്‍ തലക്കെട്ട് നിരത്തിയിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഒരേപോലെ സ്ഥലംമാറ്റം എന്ന് വരുത്താനായിരുന്നു മാതൃഭൂമിയുടെ ശ്രമം. ഇത് വായിച്ചപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മാനേജ്‌മെന്റിന് എതിരെ അവകാശങ്ങള്‍ക്കു വേണ്ടി പ്രമേയം കൊണ്ടുവരാന്‍ ശ്രമിച്ചു എന്ന പേരില്‍ നിരവധി പത്രപ്രവര്‍ത്തകരെ കൊഹീമ, കിഷന്‍ ഗഞ്ച്, ഗുവാഹത്തി, മദനഹള്ളി തുടങ്ങി ഗ്ലോബ് വച്ച് കണ്ടുപിടിക്കേണ്ട സ്ഥലങ്ങളിലേക്ക് മാറ്റിയ മാതൃഭൂമി സ്ഥലംമാറ്റത്തിന്റെ അനീതിയെ കുറിച്ച് പ്രതികരിച്ചത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമാശയാണ്. അച്ഛനെയും അമ്മയെയും കൊന്ന കേസിലെ പ്രതി, താന്‍ അനാഥനായതുകൊണ്ട് ശിക്ഷിക്കരുത് എ്ന്ന് പറഞ്ഞ മാതൃഭൂമി ന്യൂസ് റൂമിലെ പഴയ തമാശയാണ് ഓര്‍മ്മവന്നത്.

എന്തായാലും ചൈത്ര തെരേസ ജോണിന് അഭിമാനിക്കാം. മറ്റ് പ്രഗല്ഭരായ വനിതാ ഓഫീസര്‍മാര്‍ പലരും സ്വന്തം കാര്യത്തിനു വേണ്ടി ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം കൈയടക്കാനും സ്വന്തം വീട്ടിലേക്കുള്ള റോഡ് ഇന്റര്‍ലോക്ക് ഇട്ട് സുരക്ഷിതമാക്കാനും ഒക്കെ ഒരുമ്പെടുമ്പോള്‍ സ്വന്തം കാര്യത്തിന് പകരമായി നട്ടെല്ല് നിവര്‍ത്തി ആത്മാഭിമാനത്തോടെ ‘ഇത് താന്‍ടാ പോലീസ്’ എന്ന് പിണറായി വിജയന്റെ മുഖത്ത് നോക്കിപ്പറയാന്‍ കാട്ടിയ ചങ്കൂറ്റം അഭിമാനാര്‍ഹമാണ്. സാമൂഹ്യമാധ്യമങ്ങള്‍ നേര്‍പെങ്ങളായി ഏറ്റെടുത്തത് കേരളത്തിന്റെ മനസ്സും മനസ്സാക്ഷിയും അവര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നു. പോലീസിന്റെ മൂല്യബോധത്തെ കുറിച്ച് ക്ലാസ്സെടുക്കുന്ന അക്കാദമിയിലും പിണറായിക്ക് ഏറാന്‍ മൂളി നടക്കുന്ന ഹരിശങ്കറിന്റെയും യതീഷ് ചന്ദ്രയുടെയും ഒക്കെ ഓഫീസിലും എങ്ങനെയാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത് എന്ന് കാട്ടാന്‍, ഓര്‍മ്മിപ്പിക്കാന്‍ ചൈത്രയുടെ ചിത്രം അവര്‍ കാണും വിധം ഫ്രെയിം ചെയ്ത് തൂക്കണം.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close