അബുദാബി സെന്റ് ജോസഫ് ഇടവകയിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള കത്തോലിക്കാ വിശ്വാസികൾ പ്രാർത്ഥനകളിൽ ഭാഗമാവാറുണ്ടെങ്കിലും ദേവാലയ സമുച്ചയവും അങ്കണവും ഏറ്റവുമധികം സജീവമായ ദിവസങ്ങൾ ഇപ്പോളാണ്.പോപ് ഫ്രാൻസിസിന്റെ പൊതുപരിപാടിക്കായി ടിക്കറ്റുകൾ സ്വന്തമാക്കാനെത്തുന്നവരുടെ തിരക്കാണ് ദേവാലയ അങ്കണത്തിൽ.പോപിന്റെ പൊതുപരിപാടിക്കായി അബുദാബി സെന്റ് ജോസഫ് ഇടവകയിൽ നിന്നും രജിസ്റ്റർ ചെയ്ത മുഴുവൻ ആളുകൾക്കും ടിക്കറ്റ് ലഭ്യമായിട്ടുണ്ട്.
അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നവരിൽ 25 ശതമാനത്തോളം ആളുകളും ഇവിടെനിന്നും ഉള്ളവരായിരിക്കുക്കും.രജിസ്റ്റർ ചെയ്ത് ടിക്കറ്റ് സ്വന്തമാക്കാനായി നിരവധിയാളുകളാണ് ദേവാലയത്തിൽ എത്തുന്നത്. പോപിനെ നേരിൽക്കാണാനും വിശുദ്ധ കുർബാനയുടെ ഭാഗമാവാനുമെല്ലാം ടിക്കറ്റ് ഉറപ്പായതിന്റെ വലിയ സന്തോഷത്തിലാണ് വിശ്വാസികൾ.ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഭാഗ്യത്തിന് യു.എ.ഇ ഗവൺമെന്റിനോടും ഭരണാധികാരികളോടുമുള്ള നന്ദിയുണ്ട് ഏവർക്കും.കുടുംബമായി പരിപാടിയുടെ ഭാഗമാവാൻ ടിക്കറ്റ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചിലർ.
ലോകത്തിന്റെ പല കോണുകളിൽ നിന്നുള്ള ജനങ്ങൾ ജീവിക്കുന്ന നാടാണ് യു.എ.ഇ. ഇത്തരമൊരു രാജ്യത്ത് സമാധാനത്തിന്റെ സന്ദേശവുമായി പോപ് ഫ്രാൻസിസ് എത്തുമ്പോൾ ജനതയിൽ സഹനത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് പങ്ക് വെക്കപ്പെടുക.