കുവൈറ്റ് സിറ്റി : ചെട്ടികുളങ്ങര അമ്മ പ്രവാസിസേവാസമിതി സംഘടിപ്പിക്കുന്ന ഭരണികാഴ്ചകള്‍ 2019 വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ ആരംഭിക്കുന്ന ഓണാട്ടുകരയുടെ ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഓണാട്ടുകരയുടെ ജയവിജയന്മാര് എന്നറിയപ്പെടുന്ന പ്രമോദ് ശൈലനന്ദിനിയും, പ്രദീപ് ശൈലനന്ദിനിയും അവതരിപ്പിക്കുന്ന കുത്തിയോട്ട പാട്ടുകള്‍ക്ക് ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാരന്മാരാണ് ചുവടുവെയ്ക്കുന്നത്.
പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരിയും, ശുശാന്തും സംഘവും നയിക്കുന്ന പഞ്ചാരിമേളവും, കെട്ടുകാഴ്ചയും കഞ്ഞിസദ്യയും, താലപ്പൊലികളും മറ്റു കലാപരിപാടികളും ഭരണികാഴ്ചകളുടെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്റ് മുരളീധരന്, സെക്രട്ടറി ആകാശ്, ട്രഷറര്‍ സജി, രക്ഷാധികാരികളായ ബിനോയ്ചന്ദ്രന്‍, ജയപാലന്നായര്, അനൂപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.