മസ്ക്കറ്റ്: ഒമാനില്‍ മെര്‍സ് കൊറോണ വൈറസ് ബാധിച്ച് രണ്ട് പേര് മരിച്ചു. വൈറസ് ബാധ തടയാന്‍ ആരോഗ്യ മന്ത്രാലയം ശക്തമായ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം മരണപ്പെട്ട രണ്ട് പേര് ഉള്‍പ്പെടെ ആകെ അഞ്ചു പേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞത്.
കഴിഞ്ഞ ആഴ്ച നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണ്.
വൈറസ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ബോധവത്കരണവും മുന്‍കരുതല്‍ നടപടികളും രാജ്യത്ത് പുരോഗമിക്കുകയാണ്.
മനുഷ്യന്റെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസാണ് കൊറൊണ വിഭാഗത്തില്‍പ്പെട്ട മെര്‍സ് എന്ന വൈറസ്. മെര്‍സിന്റെ പൂര്‍ണ്ണ രൂപം മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം എന്നതാണ്. പനി, ചുമ മുതലായ ലക്ഷണങ്ങളില്‍ തുടങ്ങി ശ്വാസതടസത്തിലൂടെ മരണം വരെ സംഭവിക്കാവുന്ന മാരകമായ രോഗമാണ് മെര്‍സ്. രോഗബാധിതരുമായുള്ള സമ്പര്‍ക്കം, ഒരുമിച്ചുള്ള യാത്ര, കൂടെ താമസിക്കുക മുതലായ സാഹചര്യങ്ങള്‍ മെര്‍സ് വേഗത്തില്‍ പകരുവാന്‍ ഇടയാക്കുന്നു.