തിരുവനന്തപുരം: മണക്കാട് ചന്തയില്‍ പരിശോധനയ്ക്കെത്തിയ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ സിഐടിയു പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിഐടിയു നേതാവ് സുന്ദരപിള്ള, സുരേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഈ മാസം 16 വരെ റിമാന്‍ഡ് ചെയ്തു.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ യൂണിയന് നേതാക്കള്‍ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സംഘത്തില്‍ വനിതയും ഉണ്ടായിരുന്നു. വനിതാ ഉദ്യോഗസ്ഥയടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്. മുദ്രവെയ്ക്കാത്ത ത്രാസ് പിടിച്ചെടുത്തപ്പോഴാണ് സിഐടിയു പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ കടയിലെ ത്രാസ് നശിപ്പിച്ചെന്നും സ്ത്രീകളെ അസഭ്യം പറഞ്ഞുവെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്. ഇവരുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തു.