തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാന ദാക്ഷായണി ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനകളില്‍ ഏറ്റവും പ്രായമുള്ള ആനയായിരുന്നു 88 വയസുള്ള ദാക്ഷായണി. ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയെന്ന ഗിന്നസ് റെക്കോര്‍ഡ് മാത്രമല്ല തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴില്‍ ഏറ്റവും കൂടുതല്‍ എഴുന്നള്ളത്ത് നടത്തിയിട്ടുള്ള ആനയെന്ന പദവിയും ദാക്ഷായണിക്കു സ്വന്തം.
തിരുവനന്തപുരം ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയായിരുന്നു ദാക്ഷായണി. 2016 ലാണ് ദാക്ഷായണിക്ക് ഗജരാജപട്ടം ലഭിച്ചത്. ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചതും ഇതേ വര്‍ഷം തന്നെ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നുമാണ് ദാക്ഷായണിയെ ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നത്.
അരനൂറ്റാണ്ടിലേറെ ശംഖുമുഖം ദേവിയെ എഴുന്നള്ളിച്ചിട്ടുണ്ട്. 2016 ല്‍ ഗജരാജപട്ടം ലഭിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ദാക്ഷായണിയെ ആദരിച്ചിരുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് പോസ്റ്റ് കവറും പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം പാപ്പനംകോടുള്ള ആനക്കൊട്ടിലിലാണ് ആന ചരിഞ്ഞത്.