മൂന്ന് ദിവസങ്ങളിലായി മലയാളീ സമാജത്തിൽ നടന്ന യുവജനോത്സവത്തിൽ യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള ഇരുനൂറ്റി അൻപതിലേറെ വിദ്യാർത്ഥികളാണ് പങ്കെടുത്തത് .മൂന്ന് വേദികളിൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, തുടങ്ങിയ 13 ഇനങ്ങളാണ് അരങ്ങേറിയത്.നാല് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ ആറ് വയസിനും 18 വയസിനുമിടയിൽ പ്രായമുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.യുവജനോത്സവത്തിൽ അഞ്ചിനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച റിതി കൃഷ്ണ രാജേഷിനെ കലാതിലകമായി തിരഞ്ഞെടുത്തു. മോണോ ആക്റ്റ്, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നാടോടിനൃത്തത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് റിതി കലാതിലപ്പട്ടം നേടിയത് . നാട്ടിലെ യുവജനോത്സവ വേദികളുടെ തനിപകർപ്പായിരുന്നു സമാജത്തിലെ യുവജനോത്സവ വേദിയും.രാവിലെ ഒൻപത് മണിക്കാരംഭിച്ച മത്സരങ്ങൾ പുലർച്ച വരെ നീണ്ടു നിന്നു.കേരളത്തിൽ നിന്നെത്തിയ കലാരംഗത്തെ പ്രഗദ്ഭരായ കലാമണ്ഡലം അനിത, കലാമണ്ഡലം ശ്രുതി എന്നിവരാണ് വിധിനിർണ്ണയം നടത്തിയത്. —