വാരണാസി: ഉത്തര്‍പ്രദേശില്‍ കമ്പ്യൂട്ടര്‍ സജ്ജീകരണത്തോടെയുള്ള ക്ലാസ് റൂം ബസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. എച്ച്പി വേള്‍ഡ് ഓണ്‍ വീല്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ബസിലൂടെ വാരണാസിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സാങ്കേതിക വിദ്യയും ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളും പരിചയപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
മൊബൈല്‍ ഉപകരണങ്ങള്‍, 3ഡി പ്രന്റേഴ്സ്, ഡിജിറ്റല്‍ ബ്ലാക് ബോര്‍ഡ്, കമ്പ്യൂട്ടര്‍ വര്‍ക്ക് സ്റ്റേഷനുകള്‍ തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ബസിനുള്ളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യയുടെ വിജയമാണ് കമ്പ്യൂട്ടര്‍ സജ്ജീകരണത്തോടെയുള്ള സഞ്ചരിക്കുന്ന ക്ലാസ് റൂം സംവിധാനമെന്ന് ബസ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
2015 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആരംഭിക്കുന്നത്. ഇന്ത്യയില്‍ എല്ലായിടത്തും എല്ലാവരിലേക്കും ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുകയും ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ.
രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ഷനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൈ-ഫൈ സംവിധാനവും ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.