ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച ചൈനയ്ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്കി ഇന്ത്യ. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിന് പിന്നാലെയാണ് ചൈന പ്രതിഷേധവുമായി എത്തിയത്. നാലായിരം കോടിയോളം വരുന്ന വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അരുണാചല്‍ പ്രദേശില്‍ തുടക്കം കുറിച്ചിരുന്നു. അതിര്ത്തിപ്രദേശവുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കുമെന്നും അരുണാചല്‍ പ്രദേശിലെ റോഡ് റെയില്‍വേ, വ്യോമയാന മേഖലയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി പ്രസ്താവിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച ചൈന, അതിര്‍ത്തി പ്രശ്നം സങ്കീര്‍ണമാക്കുന്ന നടപടിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് വ്യക്തമാക്കി. അരുണാചല്‍ പ്രദേശിനെ സംബന്ധിച്ച ചൈനയുടെ നയം വ്യക്തമാണെന്നും ഇന്ത്യന്‍ നേതാക്കള്‍ ഇന്ത്യ -ചൈന അതിര്‍ത്തിയായ കിഴക്കന്‍ മേഖല സന്ദര്‍ശിക്കുന്നതില്‍ എതിര്‍പ്പുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
ഇതിനുള്ള മറുപടി ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച ഇന്ത്യ അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യന്‍ നേതാക്കള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതുപോലെ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുമെന്നും അതിര്‍ത്തിയുടെ കാര്യത്തില്‍ ഇന്ത്യയുടെ നയം നേരത്തെ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയുടെ വടക്ക്കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശ് തെക്കന്‍ റ്റിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി പലതവണ നയതന്ത്ര ചര്‍ച്ചകള്‍ നടന്നെങ്കിലും ഇത് വരെ ഫലവത്തായിരുന്നില്ല.
ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശമായ ഏകദേശം 3,488 കിലോ മീറ്ററോളം വരുന്ന പ്രദേശത്താണ് തര്‍ക്കം നിലനില്‍ക്കുന്നത്.