ഷില്ലോങ്ങ്: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു. ഷില്ലോങ്ങിലെ സിബിഐ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ശനിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ 8 മണിക്കൂറോളം നീണ്ടു. ചോദ്യം ചെയ്യല്‍ ഞായറാഴ്ചയും തുടരും. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജീവ് കുമാറിനോട് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞിരുന്നു.
1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസില്‍ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെയാണ് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയോടെയായിരുന്നു അറസ്റ്റ്.