സത്യമപ്രിയം

പാവം രേണു രാജും ജീവിക്കട്ടെ

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കേരളത്തിലെ സി പി എമ്മില്‍ ഭാഷാപണ്ഡിതരുടെ എണ്ണം കൂടിവരികയാണ്. തീര്‍ച്ചയായും സി പി എമ്മിന് അഭിമാനിക്കാം. ഒരുപക്ഷേ, ഇത്തരം ഭാഷാപ്രയോഗം തുടങ്ങിവച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. നികൃഷ്ടജീവി, പരനാറി, കുലംകുത്തി തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ കേരളരാഷ്ട്രീയത്തില്‍ ഉജ്ജ്വല പദസമ്പത്ത് സംഭാവന ചെയ്ത പിണറയി വിജയന്‍ ആചന്ദ്രതാരം, മലയാളം ഉള്ളിടത്തോളം സ്മരിക്കപ്പെടും. അതിന്റെ കാരണം രണ്ടാണ്. ഒന്ന്, ഒരുപക്ഷേ, കേരളത്തിലെ ഏറ്റവും അവസാനത്തെ സി പി എം മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി കേരളത്തിലും കൂട്ടുകൂടാന്‍ തീരുമാനിച്ചതോടെ പാര്‍ട്ടി പച്ചതൊടില്ലെന്ന് സി പി എമ്മിന് കാലേക്കൂട്ടി തന്നെ മനസ്സിലായെന്നത് വ്യക്തം.

പാര്‍ട്ടി പ്രവര്‍ത്തകരടക്കം കേരളത്തില്‍ മാത്രമല്ല, തെക്കേ ഇന്ത്യയില്‍ മൊത്തം ഒരേപോലെ ആരാധിക്കുന്ന ശബരിമല ധര്‍മ്മശാസ്താവിന്റെ ക്ഷേത്രാചാരത്തെയും വിശ്വാസത്തെയും അട്ടിമറിക്കാന്‍ പിണറായി ഒരുമ്പെട്ട് ഇറങ്ങിയപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നറുക്ക് ഉറപ്പിച്ചതാണ്. പണ്ട്, കുലംകുത്തി എന്നുപറഞ്ഞ് ടി പി ചന്ദ്രശേഖരന്റെ നറുക്ക് ഉറപ്പിച്ചതുപോലെ തന്നെ. സ്വന്തം പാര്‍ട്ടിയില്‍ ഒപ്പം അണിചേര്‍ന്ന് ചോരച്ചെങ്കൊടി ഉയര്‍ത്തി നടന്നിരുന്ന സഹപ്രവര്‍ത്തകനെ തിരിച്ചറിയാന്‍ കഴിയാത്തവിധം 51 വെട്ട് വെട്ടി ചെങ്കൊടി പുതപ്പിച്ച ആ നീചത്വത്തെക്കാള്‍ വലിയ ഒരു കുലംകുത്തി കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകുമോ?

കമ്യൂണിസ്റ്റ് പാര്‍ട്ടി എപ്പോള്‍ അധികാരത്തില്‍ എത്തിയാലും അവര്‍ വിജയിച്ചുവന്നത് കേരളത്തിലെ സാധാരണക്കാരുടെ വോട്ടുകൊണ്ടാണെന്ന കാര്യം മറക്കുന്നു. അധികാരത്തിലെത്തിയാലുടന്‍ അവര്‍ ഓരോരുത്തര്‍ക്കെതിരെ ചന്ദ്രഹാസം മുഴക്കിത്തുടങ്ങുന്നു. സ്വന്തം പാര്‍ട്ടിക്കാരിയായ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന വനിതയ്‌ക്കെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയില്‍ എത്തിയിരിക്കുന്നു. സംസ്ഥാന മന്ത്രിസഭയിലെ പോഴത്തം മന്ത്രി എന്ന പേര് ജി സുധാകരന് ചാര്‍ത്തിക്കൊടുത്തിട്ടുള്ളതായിരുന്നു. പട്ടിയുടെ കഴുത്തില്‍ ഐ എ എസ്സുകാര്‍ എന്ന് എഴുതി തൂക്കണം തുടങ്ങി ധാരാളം പ്രസ്താവനകള്‍ അദ്ദേഹത്തിന്റെതായി ഉണ്ടായിരുന്നു.

പക്ഷേ, ഇങ്ങനെ ‘സ്വയംപ്രഭാപൂരിതനായി’ നിന്നിരുന്ന ജി സുധാകരന് സംസ്‌കാരസമ്പന്നമായ ഒരു പിതൃപാരമ്പര്യം ഉണ്ടായിരുന്നു. ഭാഗവതാചാര്യനും പ്രഭാഷകനുമായിരുന്ന ഗോപാലപിള്ള നാട്ടുകാര്‍ക്കൊക്കെ പ്രിയങ്കരനായിരുന്നു. രണ്ടാമൂഴം ആയപ്പോഴേക്കും സ്വന്തം പിതാവിനെപ്പോലും വിസ്മരിച്ച് ഭാഗവതാചാര്യന്മാരുടെയും ധര്‍മ്മാചാര്യന്മാരുടെയും സന്യാസിമാരുടെയും അടിവസ്ത്രം തപ്പി നടക്കുന്ന ഹീനജന്മമായി ജി സുധാകരന്‍ മാറി. പക്ഷേ, ഇപ്പോള്‍ ജി സുധാകരന്റെ പ്രഭാവലയം രക്ഷിക്കാന്‍ ഔദ്യോഗിക പദവി സ്ഥാനത്യാഗം ചെയ്ത ഭാര്യയ്ക്കും കഴിഞ്ഞില്ല. സുധാകരനെ പിന്നിലേക്ക് തള്ളി ഒരു അവിസ്മരണീയ കഥാപാത്രം രംഗത്തുവന്നിട്ടുണ്ട്. മോഴയാണോ കൊമ്പനാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മണിയാശാന്‍. അസ്സല്‍ മണിപ്രവാളത്തിലാണ് മണിയാശാന്റെ കഥനം. എതിരാളിയാണെന്ന് തോന്നിയാല്‍ മതി മണിയാശാന്‍ നാവ് ചുഴറ്റി എറിഞ്ഞുതുടങ്ങും. പത്ത് മണിയാശാന്‍ ഒരു മുഖ്യമന്ത്രിക്ക് തുല്യം (പത്ത് എം എം = ഒരു സി എം) എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ സരസന്മാര്‍ പറയുന്നത്.

മണിയാശാനെയും ജി സുധാകരനെയും നിഷ്പ്രഭമാക്കുന്ന പ്രകടനവുമായി എസ് രാജേന്ദ്രന്‍ എംഎല്‍എ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നു. നേരത്തെ മൂന്നാര്‍ സബ്കളക്ടറായി വന്ന ശ്രീറാം വെങ്കിട്ടരാമനെയും പിന്നീട് വന്ന പ്രേംകുമാറിനെയും ഇപ്പോള്‍ ഏറ്റവും പുതിയതായി വന്ന രേണു രാജിനെയും തങ്ങളുടെ വാക്ശരപ്രയോഗം കൊണ്ട് വരുതിക്ക് നിര്‍ത്താനാണ് നാടന്‍ശീല്‍ വിദഗ്ദ്ധന്‍ എം എം മണിക്ക് പിന്നാലെ എസ് രാജേന്ദ്രന്റെയും ശ്രമം. നേരത്തെ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് അയക്കണമെന്ന് മണിയാശാന്‍ പറഞ്ഞതാണ്. തലയില്‍ ആള്‍താമസമുള്ള ഐഎഎസ് പയ്യന്മാരൊന്നും എം എല്‍ എക്കും മന്ത്രിക്കും വഴങ്ങാതെ വന്നപ്പോഴാണ് കൈയേറ്റത്തിനും സര്‍ക്കാര്‍ ഭൂമി മോഷ്ടിക്കുന്നതിനും ചൂട്ടു പിടിക്കാന്‍ വനിതാ ഉദ്യോഗസ്ഥ എതിര്‍ക്കില്ലെന്ന് കരുതി കൊണ്ടുവന്നത്. അവിടെയും കണക്കുകൂട്ടല്‍ തെറ്റി.

മൂന്നാര്‍ പഞ്ചായത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്താന്‍ കളക്ടറുടെ അനുമതി വേണമെന്ന് ഉത്തരവിട്ടത് ഹൈക്കോടതിയാണ്. കളക്ടറുടെ അനുമതിയില്ലാതെയാണ് മൂന്നാര്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാന്‍ തീരുമാനിച്ചത്. നിര്‍മ്മാണപ്രവര്‍ത്തനം നടക്കുമ്പോള്‍ റവന്യൂസംഘം എത്തി തടയുകയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടിന്റെയും എം എല്‍ എയുടെയും നേതൃത്വത്തില്‍ റവന്യൂസംഘത്തെ തടഞ്ഞു. നിര്‍മ്മാണം തുടര്‍ന്നല്‍ നടപടി എടുക്കേണ്ടി വരുമെന്ന് സബ്കളക്ടര്‍ രേണു രാജ് എം എല്‍ എയെ അറിയിച്ചു. സബ്കളക്ടര്‍ക്ക് ബുദ്ധിയില്ലെന്നാണ് എം എല്‍ എ പറഞ്ഞത്. ‘അവള്‍ ഇതെല്ലാം വായിച്ചു പഠിക്കണ്ടേ. സ്‌കെച്ചും പ്ലാനും അംഗീകരിച്ചിട്ടാണോ? എന്‍ ഒ സി വാങ്ങിച്ചിട്ടാണോ? നാളെ അവര്‍ ഉടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍ പറ്റുമോ? അവള്‍ ബുദ്ധിയില്ലാത്തവള്‍. വെറും ഐ എ എസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു.

കളക്ടറാവാന്‍ പഠിച്ചിട്ട്, കളക്ടര്‍ ആവുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ? ബില്‍ഡിംഗ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്. അവള്‍ക്ക് ഇടപെടാന്‍ യാതൊരു റൈറ്റുമില്ല. അവളുടെ പേരില്‍ ഇതിന്റെ നാശനഷ്ട പരിഹാരം ആവശ്യപ്പെട്ട് കൂട്ടിവന്ന പോലീസിനെയും ഇവളെയും ചേര്‍ത്ത് പ്രൈവറ്റ് കേസ് ഫയല്‍ ചെയ്യുക. മൂന്നാറില്‍ക്കൂടി നാളെ റോഡ് ടാര്‍ ചെയ്യണമെങ്കില്‍ നാളെ എന്‍ ഒ സി ചോദിച്ചാലോ? ഇതൊരു ജനാധിപത്യ രാജ്യമല്ലേ. എന്നിട്ട് ജനപ്രതിനിധികള്‍ പറഞ്ഞാല്‍ കേക്കത്തില്ലെന്നു പറഞ്ഞാല്‍’ – രാജേന്ദ്രന്റെ മുത്തുമണികള്‍ ചിതറിത്തെറിക്കുകയായിരുന്നു.

സംഭവം വിവാദമായപ്പോള്‍ എം എല്‍ എ ഖേദം പ്രകടിപ്പിച്ചു. ഡോ. രേണു രാജ് ആരാണെന്നുകൂടി നമ്മള്‍ അറിയണം. ജീവിതം മുഴുവന്‍ സാധാരണക്കാരിയായി വളര്‍ന്നുവന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ രേണു രാജിന്റെ അച്ഛന്‍ ഒരു സാധാരണ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറാണ്. സ്ത്രീ മുന്നേറ്റത്തിനും നവോത്ഥാനത്തിനും മതില് കെട്ടാന്‍ പോയ സി പി എമ്മുകാര്‍ അറിയണം രേണു രാജിന്റെ പശ്ചാത്തലത്തെക്കുറിച്ച്. കോടതി നിര്‍ദ്ദേശം അനുസരിച്ച് നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച വനിതാ ഉദ്യോഗസ്ഥയെ ഈ രീതിയില്‍ അധിക്ഷേപിച്ചത് എന്ത് നവോത്ഥാനത്തിന്റെ പേരിലാണ്? പിണറായി വിജയന്റെയോ കോടിയേരിയുടെയോ മക്കള്‍ക്കുള്ള സമ്പദ്‌സമൃദ്ധിയും ഭാഗ്യവും ശ്രീറാം വെങ്കിട്ടരാമനും ചൈത്ര തെരേസ ജോണിനും രേണു രാജിനും ഉണ്ടാവില്ല.

ശ്രീറാം വെങ്കിട്ടരാമന്‍ ഒരു സാധാരണ അദ്ധ്യാപകന്റെ മകനാണ്. രേണു രാജിന്റെ അച്ഛന്‍ ഒരു ബസ് കണ്ടക്ടറും. പക്ഷേ, ഇവര്‍ക്കൊന്നും നേടാന്‍ കഴിയാത്ത ഭാഗ്യം കാര്യമായ പണിയൊന്നുമില്ലാത്ത കോടിയേരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മക്കള്‍ക്കുണ്ട്. കോടിയേരിയുടെ മക്കളുടെ ബിസിനസ്സ് ബന്ധങ്ങളും അതെച്ചൊലി ഉയര്‍ന്നിട്ടുള്ള വിവാദങ്ങളും സവിസ്തരം പ്രതിപാദിക്കാന്‍ ശ്രമിച്ചാല്‍ നിരവധി ഏടുകള്‍ വേണ്ടിവരും. പിണറായിയുടെ മകന്‍ ബെക്കിങ്ഹാം യൂണിവേഴ്‌സിറ്റിയിലാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. മകള്‍ അടുത്തിടെ ബാംഗ്ലൂരില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പിന്റെ നിക്ഷേപം നൂറു കോടിയിലേറെ വരുമെന്നാണ് പറയുന്നത്.

സാധാരണക്കാരില്‍ സാധാരണക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന് ഈ നിക്ഷേപം നടത്താനുള്ള പണം എവിടെനിന്ന് കിട്ടി എന്നറിയാന്‍ സാധാരണക്കാരായ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ആകാംക്ഷയുണ്ട്, അതി ജിജ്ഞാസയുണ്ട്. സ്വന്തം പാര്‍ട്ടിക്കാരോട്, പഠിപ്പുള്ള കുട്ടികളോട് മാന്യമായി പെരുമാറാന്‍ മുഖ്യമന്ത്രി ഉപദേശിക്കണം. അതിന് മുഖ്യമന്ത്രി ആദ്യം മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണ്ടേ? ഈ വഴിത്തിരിവിലാണ് ഇന്ന് കേരളം നിലനില്‍ക്കുന്നത്. ഇപ്പോഴത്തെ സര്‍വ്വകലാശാലകള്‍ക്ക് പിന്നാലെ ഒരു സാംസ്‌ക്കാരിക മലയാള ഭാഷാ സര്‍വ്വകലാശാല കൂടി തുടങ്ങി പിണറായി വൈസ് ചാന്‍സലറും എം എം മണി, എസ് രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഉന്നത പദവിയിലും നിയമിതരായാല്‍ അത് മലയാളികളോടും മലയാളഭാഷയോടും ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും. അവരുടെ കോമള പദാവലികള്‍ കുഞ്ചനും തുഞ്ചനും പകരം മലയാള സാംസ്‌ക്കാരിക രംഗത്ത് മുതല്‍ക്കൂട്ടാകും. മുഖ്യമന്ത്രിയോട് ഒന്നേ അപേക്ഷിക്കാനുള്ളൂ. നൂറുകോടിയൊന്നും മുടക്കാന്‍ ശേഷിയില്ലാത്ത രേണു രാജും ശ്രീറാം വെങ്കിട്ടരാമനും ഒക്കെ അങ്ങയുടെ മക്കള്‍ക്കിടയില്‍ ജീവിച്ചു പൊയ്‌ക്കേട്ടെ.

2K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close