കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിച്ച 2019 മീറ്റര്‍ നീളമുള്ള കുവൈറ്റ് പതാക ഗിന്നസ് ബുക്കില്‍ ഇടംനേടി. മുബാറക് അല്‍ കബീര്‍ വിദ്യാഭ്യാസമേഖലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 4000 പേരുടെ പങ്കാളിത്തത്തോടെയാണ് പതാക നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പതാക വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല്‍ ആസിമി പ്രകാശനം ചെയ്തു. അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബര്‍ അല്‍മുബാറക് അസബാഹ് എന്നിവര്‍ നല്കിയ പിന്തുണയ്ക്ക് മന്ത്രി ഹാമിദ് അല്‍ ആസിമി നന്ദി അറിയിച്ചു. ദേശീയദിനാഘോഷത്തിന്റെ മാസത്തില്‍ കുവൈറ്റിനിത് അഭിമാനമുഹൂര്‍ത്തമാണെന്ന് വിദ്യാഭ്യാസമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍ ഹര്‍ബി പറഞ്ഞു.