ഫ്ളോറിഡ: ഫ്ളോറിഡയില്‍ ഇ-സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്ന യുവതിയുടെ കുടുംബം കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 28 വയസുള്ള ജോര്‍ദാന്‍ എന്ന യുവതിയുടെ കുടുംബമാണ് ഇ-സ്കൂട്ടര്‍ കമ്പനിയായ ലൈമിനെതിരെ കേസ് കൊടുത്തത്.
ജോലിസ്ഥലത്ത് നിന്നും വീട്ടിലേയ്ക്ക് ഇ-സ്കൂട്ടറില്‍ യാത്ര ചെയ്ത ജോര്‍ദാന്‍ ഡിസംബര്‍ അവസാനത്തോടെയാണ് അപകടത്തില്‍പെടുന്നത്. ജോര്‍ദാന്‍ യാത്രചെയ്തിരുന്ന ഇ-സ്കൂട്ടര്‍ കൊറോള കാറുമായി കൂട്ടിമുട്ടി റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. സംഭവസമയം ജോര്‍ദാന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റ ജോര്‍ദാന്‍ അന്ന് മുതല്‍ ശരീരം തളര്‍ന്ന് കിടക്കുകയാണ്.
കമ്പനിയുടെ ആപ്പില്‍ സൈഡ്പാതയിലൂടെ ഇ-സ്കൂട്ടര്‍ ഓടിക്കാന്‍ പാടില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങള്‍ ഓടുന്ന റോഡില്‍ ഇ-സ്കൂട്ടറില്‍ യാത്രചെയ്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ജോര്‍ദ്ദാന്റെ കുടുംബം ആരോപിക്കുന്നത്. റോഡിലൂടെ യാത്ര ചെയ്യുന്നതിനാല്‍ ഇ-സ്കൂട്ടര്‍ കാറുമായും, വഴിയാത്രക്കാരെയും കൂട്ടിമുട്ടിയുണ്ടാകുന്ന അപകടങ്ങള്‍ പതിവാണെന്ന് യുവതിയുടെ അഭിഭാഷകന് പറഞ്ഞു. കമ്പനി ഇ-സ്കൂട്ടര്‍ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കുന്നതില് പരാജയപ്പെട്ടെന്നും അഭിഭാഷകന് ആരോപിക്കുന്നു.
കഴിഞ്ഞ നവംബറിലാണ് ഇ-സ്കൂട്ടര്‍ നഗരത്തില്‍ ഓടിത്തുടങ്ങിയത്. ഇ-സ്കൂട്ടറിനായി ധാരാളം ആവശ്യക്കാരാണ് മുന്നോട്ട് വരുന്നത്. ഉപയോഗിക്കാനുള്ള സൗകര്യമാണ് ഇതിനെ ജനകീയമാക്കിയത്. വൈദ്യുതിയിലാണ് ഓടുന്നത് എന്നതിനാല്‍ ഇന്ധനക്ഷമതയും ഉണ്ട്. കൂടാതെ യാത്രക്കും പാര്‍ക്കിംഗിനും വളരെ കുറച്ച് സ്ഥലവും മതിയാകും. വര്‍ദ്ധിച്ചു വരുന്ന ആവശ്യകത മാനിച്ച് പണം നിക്ഷേപിക്കാന്‍ വന്‍കിട കമ്പനികളാണ് ഇ-സ്കൂട്ടര്‍ കമ്പനികളായ ലൈമിനേയും ബേഡിനേയും സമീപിച്ചിരിക്കുന്നത്.
എന്നാല്‍, നിയമം അനുശാസിക്കുന്നത് അനുസരിച്ച് ഇ-സ്കൂട്ടറിന് സൈഡ്പാത ഉപയോഗിക്കാന്‍ പാടില്ല. സ്കൂട്ടര്‍ പോകുന്ന പാതയോ റോഡുമാര്‍ഗമോ മാത്രമേ യാത്രചെയ്യാന്‍ പാടുള്ളൂ.
അതേസമയം, കമ്പനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ലൈമിന്റെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.